ഭര്‍ത്താവും സ്വന്തം സഹോദരിയും തമ്മിലുള്ള അവിഹിത ബന്ധം എതിര്‍ത്ത നവവധുവിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഭര്‍ത്താവും സ്വന്തം സഹോദരിയും തമ്മിലുള്ള അവിഹിത ബന്ധം എതിര്‍ത്ത യുവതിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി. അതും വിവാഹത്തിന്റെ ആദ്യനാളുകളില്‍. ഡല്‍ഹി പാലം സ്വദേശിനിയായ പൂജ (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ (25), പൂജയുടെ സഹോദരി റിങ്കി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. 42 ദിവസം മുന്‍പായിരുന്നും പൂജയും കൊറിയര്‍ കമ്പനി ജീവനക്കാരനായ രാഹുലും വിവാഹിതരായത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വിവാഹത്തിന്റെ രണ്ടാം നാള്‍ തന്നെ രാഹുലും ഭാര്യ സഹോദരി റിങ്കിയും തമ്മില്‍ പ്രണയത്തിലായി. എന്തുവില കൊടുത്തും രാഹുലിനെ സ്വന്തമാക്കാന്‍ റിങ്കിയും തീരുമാനിച്ചു. വിവാഹത്തോടെ ദമ്പതികള്‍ അവരുടെ ഗുഡ്ഗാവിലുള്ള വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും രാഹുലും റിങ്കിയും കൂടിക്കാഴ്ച തുടര്‍ന്നിരുന്നു.

മൂന്നാഴ്ച മുന്‍പ് പൂജയുടെ മാതാപിതാക്കള്‍ക്കൊപ്പം ഏതാനും ദിവസം തങ്ങാന്‍ എന്ന വ്യാജേന രാഹുല്‍ ഭാര്യയേയും കൂടി വീട്ടില്‍ എത്തി. തന്റെ മാതാപിതാക്കളോട് രാഹുല്‍ പ്രകടിപ്പിക്കുന്ന കരുതലില്‍ പൂജയ്ക്കും സന്തോഷമായി. എന്നാല്‍ രാഹുലിന്റെ പദ്ധതിയൊന്നും അറിയാതെ വീട്ടില്‍ എത്തിയ പൂജ കഴിഞ്ഞ ദിവസം വീടിനു പുറത്തേക്ക് പോയി. ഇവരുടെ പിതാവിന് ചായക്കടയാണ്. മറ്റ് കുടുംബാംഗങ്ങളും ഇവിടെയായിരിക്കും. ഈ സമയം രാഹുലും റിങ്കിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.വീട്ടില്‍ മടങ്ങിയെത്തിയ പൂജ കാണുന്നത് രാഹുലും റിങ്കിയും തമ്മിലുള്ള അരുതാത്ത ബന്ധമായിരുന്നു. ഇതേ ചൊല്ലി രാഹുലുമായി പൂജയും തമ്മില്‍ വഴക്കായി. ഇതിനിടെ റിങ്കി പൂജയുമായി വഴക്കിട്ടു. ഇക്കാര്യം മറ്റുള്ളവരോട് പറയുമെന്ന് പൂജ ഭീഷണിപ്പെടുത്തിയതോടെ അവരെ ഇല്ലാതാക്കാള്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഇരുവരും ചേര്‍ന്ന് പൂജയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.

തുടര്‍ന്ന് മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോയ രാഹുല്‍, താന്‍ എന്തുമ്പോഴേക്കും ജനക്പുരി മെട്രോ സ്‌റ്റേഷനില്‍ എത്തിച്ചേരാന്‍ റിങ്കിയ്ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വീട്ടിലേക്ക് കടന്നുവന്ന ഭര്‍തൃപിതാവ് മകളുടെ മൃതദേഹം രാഹുല്‍ ബഡ്ഷീറ്റില്‍ പൊതിഞ്ഞുകെട്ടുന്നത് കണ്ട് ബഹളം കൂട്ടി അയല്‍ക്കാരെ വിളിച്ചുവരുത്തി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് രാഹുലിനെ അറസ്റ്റു ചെയ്തു. രാഹുലിനെ കാത്ത് മെട്രോ സ്‌റ്റേഷനില്‍ ഇരുന്ന റിങ്കിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി ഡി.സി.പി സുരേന്ദര്‍ കുമാര്‍ അറിയിച്ചു.