നെയ്യാറ്റിന്‍കര: വീട്ടുകാരോട് കലഹരിച്ച് വീടുവിട്ടിറങ്ങിയ സഹോദരിമാര്‍ക്ക് ജോലിയും സംരക്ഷണവും ഉറപ്പു നല്‍കി പീഡിപ്പിച്ചുവന്ന യുവാവ് അറസ്‌റ്റിലായി. അരുമാനൂര്‍ സ്വദേശികളായ യുവതികളെ സ്വന്തം വീട്ടിനുളളില്‍ പൂട്ടിയിട്ട തിരുപുറത്തൂര്‍ പ്ലാന്തോട് വിനോദി(36)നെയാണ് നെയ്യാറ്റിന്‍കരയില്‍നിന്നും കസ്‌റ്റഡിയിലെടുത്തത്.
മൊബൈല്‍ ഫോണിന്റെ പേരിലുണ്ടായ പിണക്കത്തെതുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്‍പതിന് വീടുവിട്ടിറങ്ങിയ തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടികളെ വിനോദ് ഫോണില്‍ വിളിച്ച് നെയ്യാറ്റിന്‍കര ടി.ബിക്കു സമീപമെത്തിച്ചു. പിന്നീട് കാറില്‍ പ്രതിയുടെ അരുമാനൂരിലുളള ഇരുനില വീട്ടിനുളളില്‍ പൂട്ടിയിട്ടു.
മ്യൂസിക് ട്രൂപ്പില്‍ അംഗമായ വിനോദ് പുറത്തുപോകുമ്പോള്‍ വീടു പൂട്ടി സ്‌ഥലംവിടുകയാണ് പതിവ്. ഇതിനിടെ ഇയാള്‍ പെണ്‍കുട്ടികളെ ലൈംഗീക ചൂഷണത്തിനു വിധേയരാക്കി.
വീട്ടിലെത്തിയ ഉടനെ തന്നെ ഇയാള്‍ അവരുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും പുറത്തു മിണ്ടിയാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു വിനോദ്. ഡിവൈ.എസ്.പി. സുരേഷ്‌കുമാര്‍, പൂവാര്‍ സി.ഐ: ഒ.എ. സുനില്‍, എ.എസ്.ഐ സിജി തുടങ്ങിയവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.