പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. പോയവര്‍ഷം നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായിരുന്നു പ്രിയഗായിക പ്രേക്ഷകര്‍ക്കായി സമ്മാനിച്ചത്. സിത്താരയുടെ പാട്ടുകള്‍ പോലെ തന്നെ കഥകളും ആരാധകര്‍ക്ക് ഇഷ്ടമാണ്. യൂട്യൂബിലെ അഭിമുഖങ്ങളുടെ താഴെയുള്ള കമന്റുകള്‍ കണ്ടാല്‍ അത് മനസിലാകും. ഇന്ന് സിത്താര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച തന്റെ ഫോട്ടോയ്ക്കൊപ്പം കുറിച്ച വാക്കുകളാണ് ഏവരുടേയും ഹൃദയം കവരുന്നത്. മേയ്ക്കപ്പ് ഇല്ലാതെ തന്റെ ഒരു ക്ലോസ് അപ്പ് ഫോട്ടോയാണ് ഗായിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം കുറിച്ച വാക്കുകള്‍ ഇങ്ങനെ,
‘നിങ്ങളുടെ ചര്‍മ്മം പതിയെ ശ്വസിക്കട്ടെ ആശ്വസിക്കട്ടെ, അത് വേദനിക്കട്ടെ, ആ മുറിപ്പാടുകള്‍ അവരുടെ കഥകള്‍ പറയട്ടെ. പക്ഷെ ഒരിക്കലും മറ്റുള്ളവര്‍ നിങ്ങളുടെ ചര്‍മ്മത്തെ താഴ്ത്തിക്കെട്ടി സംസാരിച്ച് നിങ്ങളെ വേദനിപ്പിക്കുന്നത് അനുവദിച്ച് കൊടുക്കാതിരിക്കുക എന്നത് നിങ്ങളോട് തന്നെയുള്ള ഒരു ധ്യാനമാണ്. അത് പരിശീലിക്കുക. കാരണം ആത്മാഭിമാനം എന്നത് വലിയ കാര്യമാണ്.’ എന്നാണ് സിത്താര കുറിച്ചത്.
പാട്ടുകള്‍ പോലെ തന്നെ വ്യക്തി എന്ന നിലയില്‍ അനുകരണങ്ങള്‍ ഇല്ലാതെ താനായിരിക്കുക എന്നത് തന്നെയാണ് ഈ ഗായികയെ ആളുകള്‍ക്ക് പ്രിയപ്പെട്ടവളാക്കുന്നത്. പഴയ ഗാനങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ ചെറുതല്ലാത്തൊരു പങ്ക് സിത്താരയ്ക്കുണ്ട്. ‘തുമ്ബപ്പൂ പെയ്യണ പൂനിലാവേ’, ‘നീയല്ലാതാരുണ്ടന്നുടെ’, ‘ഇന്നെന്റെ കരളിലെ’, ആ മലര് പൊയ്കയില്‍ തുടങ്ങിയ ഒട്ടനവധി പാട്ടുകളുടെ കവറുകളാണ് സിത്താര പുറത്തിറക്കിയിട്ടുള്ളത്.