സ്വര്‍ണക്കടത്ത്: ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ ഫളാറ്റില്‍ വെച്ച്,എന്നാല്‍ അദ്ദേഹത്തിന് പങ്കില്ലെന്ന് സരിത്തിന്റെ മൊഴി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം നിയമനടപടി നേരിടേണ്ടി വന്നയാളാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറിന് ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് പ്രതി സരിത്തിന്റെ മൊഴി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് സരിത്ത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഗൂഡാലോചന നടത്തിയത് എന്ന കാര്യം സരിത്ത് ശരിവെക്കുകയും ചെയ്തിട്ടുണ്ട്. പല സ്വര്‍ണകടത്തിന്റെയും ഗൂഢാലോചന നടന്നത് ഈ ഫ്‌ളാറ്റില്‍ വെച്ചാണെന്ന് സരിത് വ്യക്തമാക്കിയിരിക്കുന്നത്. സ്വപ്ന വഴിയാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും സരിത്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞു. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം ഉടന്‍ തന്നെ ശിവശങ്കറിന് നോട്ടീസ് നല്‍കും. പിന്നീട് കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ശിവശങ്കറിനെ ചോദ്യം ചെയ്യുക. സ്വര്‍ണ്ണക്കടത്ത് റാക്കറ്റിലെ മുകള്‍ തട്ടിലെ കണ്ണികളെ വെളിപ്പെടുത്തി റമീസും മൊഴി നല്‍കിയിട്ടുണ്ട്.

Loading...

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയും സരിത്തും പിടിയിലാതോടെ കൂടുതല്‍ ആളുകളിലേക്കാണ് അന്വേഷണ നീണ്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെയിലാണ് വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിച്ചുകൊണ്ടിരുന്ന പ്രതി നാടകീയമായി കീഴടങ്ങിയിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ ആണ് കീഴടങ്ങിയത്. ഇന്നലെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിയാണ് ജലാല്‍ കീഴടങ്ങിയത്. അതേസമയം ഇയാള്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായ റമീസുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.