അനുരാഗിന്റെയും തപസിയുടെ വസതികളിലെ റെയ്ഡ് കര്‍ഷക സമരത്തെ പിന്തുണച്ചതിനാല്‍;ശിവസേന

മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വസതികളില്‍ നടന്ന ആദായനികുതി വകുപ്പ് റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ശിവസേന രംഗത്ത് . കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏകാധിപത്യ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തെ പിന്തുണച്ചതിനാലാണ് ഇരുവരും നടപടി നേരിടേണ്ടിവന്നതെന്ന് ശിവസേന ആരോപിച്ചു.മുഖപത്രമായ ‘സാമ്‌ന’യിലെ ലേഖനത്തിലാണ് ശിവസേന കേന്ദ്ര നടപടിക്കെതിരെ ആഞ്ഞടിച്ചത് .

കേന്ദ്രത്തിനെതിരെ കര്‍ഷക പ്രക്ഷോഭത്തിനൊപ്പം നിന്നതിന്റെ വിലയാണ് ഇരുവരും നല്‍കേണ്ടി വന്നത്. ബോളിവുഡിലെ റെയ്ഡിന് പുറമേ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റ്, ദീപിക പദുകോണിനെതിരേയുള്ള കുപ്രചാരണങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ രാജ്യത്തെ മോശപ്പെടുത്തുന്നുവെന്നും ലേഖനത്തില്‍ ആരോപിക്കുന്നു .

Loading...

“തപ്‌സി പന്നുവും അനുരാഗ് കശ്യപും അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞു. ഇവരൊഴികെ ബോളിവുഡില്‍ അവശേഷിക്കുന്ന മുഴുവന്‍ ഇടപാടുകളും ന്യായവും സുതാര്യവുമാണോ. ?അനുരാഗ് കശ്യപും തപ്‌സി പന്നുവും മാത്രമാണോ ക്രമക്കേടുകള്‍ നടത്തിയത്. കര്‍ഷക പ്രക്ഷോഭത്തിനൊപ്പം നിന്ന ചുരുക്കം ചിലരില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍. അതിനുള്ള വിലയാണ് ഇരുവരും നല്‍കുന്നത് .” ശിവസേന വിമര്‍ശിച്ചു .

ഇത്തരം പ്രവര്‍ത്തികളിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ മോദി സര്‍ക്കാരിന് വലിയ വിമര്‍ശനമുണ്ടായെന്നും ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നും ശിവസേന ലേഖനത്തില്‍ വ്യക്തമാക്കി.