കൊച്ചി. ലൈഫ് മിഷൻ കോഴ കേസിൽ ശിവശങ്കറിനെ വെട്ടിലാക്കി ചാർട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലിന്റെ മൊഴി. ശിവശങ്കർ പറഞ്ഞിട്ടാണ് ലോക്കർ തുറന്നതെന്ന മൊഴി വേണുഗോപാൽ ആവർത്തിച്ചു. ഇരുവരേയും ഒപ്പമിരുത്തി പത്ത് മണിക്കൂർ ചോദ്യം ചെയ്തു.
അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ശിവശങ്കറിനെ വെള്ളിയാഴ്ചയും ഇഡി ചോദ്യം ചെയ്യും. സ്വർണ്ണക്കടത്ത് കേസിൽ നേരത്തെ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. 2021-ൽ രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ ഇടപാടുമായി ചോദ്യം ചെയ്തപ്പോഴും ശിവശങ്കർ പറഞ്ഞിട്ടാണ് ലോക്കർ തുറന്നതെന്ന് വേണുഗോപാൽ മൊഴി നൽകിയിരുന്നു.
അതേസമയം ലോക്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കാര്യമായ പ്രതികരണങ്ങൾക്ക് ശിവശങ്കർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് വേണുഗോപാലിനെ ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്തത്. ലോക്കറുമായി ബന്ധപ്പെട്ട ശിവശങ്കറിന്റെ മൗനം ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ പൊളിക്കുക എന്നതായിരുന്നു ഇഡി ലക്ഷ്യ.
ശിവശങ്കറിന്റെ പൂർണ്ണ നിർദ്ദേശത്തിലാണ് ലോക്കർ തുറന്നതെന്നാണ് വേണുഗോപാലിന്റെ മൊഴി നൽകി. സ്വപ്‌നയുമായി ചേർന്ന് ലോക്കർ തുറക്കണമെന്ന് ശിവശങ്കറാണ് നിർദ്ദേശിച്ചത്. എല്ലാ കാര്യങ്ങളും ശിവശങ്കർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടത്തിയത്. സ്വപ്‌ന പണവുമായി വന്നപ്പോൾ ആദ്യഘട്ടത്തിൽ ഇക്കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നതായും വേണുഗോപാൽ ഇഡിക്ക് മൊഴി നൽകി.