ഒമാനിൽ പാറ ഇടിഞ്ഞു വീണുണ്ടായ അപകടം; മരണം ആറായി

മസ്‍കത്ത്: ഒമാനിൽ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരണസഖ്യ ആറായി. ഇബ്രി വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് അപകടമുണ്ടായത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. അൽ ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടിയാണ് മരിച്ചത്.

അഞ്ച് പേരുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. രക്ഷപ്രവർത്തകർ ഗരുതരാവസ്ഥയിൽ കണ്ടെത്തിയ ഒരാൾ കൂടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണപ്പെടുകയായിരുന്നു. ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തിയ മറ്റ് നാല് പേർ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിൽ ഒമാൻ തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തണമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‍സ് ആവശ്യപ്പെട്ടു. ജോലി സ്ഥലത്ത് പാലിക്കേണ്ടിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങൾ എത്രത്തോളം പാലിക്കപ്പെട്ടിരുന്നുവെന്ന് പരിശോധിക്കണമെന്നും ഫെഡറേഷൻ പറഞ്ഞു.

Loading...