ഒടുവില്‍ സന്തോഷവാര്‍ത്ത; തായ്‌ലന്‍ഡ് ഗുഹയില്‍ നിന്നും ആറു കുട്ടികള്‍ പുറത്ത്, രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക്

ബാങ്കോക്ക്: പതിനഞ്ചു ദിവസം നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളായ 13 പേരില്‍ ആറ് കുട്ടികളെ രക്ഷപ്പെടുത്തി. ഇവർ ചിയാങ് റായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു രാവിലെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടിരിക്കുന്നത്. പരിശീലകനും ബാക്കി ആറു കുട്ടികള്‍ക്കുമായി വീണ്ടും പ്രാര്‍ത്ഥനയോടെ ലോകം കാത്തിരിക്കുകയാണ്. ഇന്നത്തെ രക്ഷാപ്രവര്‍ത്തനം സംഘം അവസാനിച്ചു.

ശേഷിച്ച ഏഴു പേർക്കായി പത്തു മണിക്കൂറിനകം രണ്ടാം ഘട്ട രക്ഷാപ്രവർത്തനം ആരംഭിക്കും. ഇവർ ഗുഹാമുഖത്തേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും നിലവില്‍ വിശ്രമത്തിലാണെന്നും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്ന സംഘത്തലവൻ നാരോങ്സാങ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രക്ഷാപ്രവർത്തനം ഇന്നത്തേക്ക് അവസാനിച്ചതായി തായ്‌ലൻഡ് നേവി സീൽ സമൂഹമാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വിദേശരാജ്യങ്ങളില്‍നിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ്‌ലാന്‍ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്.

സൈന്യം ഒഴികെ മറ്റുള്ള എല്ലാവരെയും ഗുഹയുടെ പരിസരത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. പുറത്തെത്തിക്കുന്ന കുട്ടികള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പുറത്ത് സജ്ജമാക്കിയിട്ടുമുണ്ട്. 13 പേരെയും പുറത്തെത്തിക്കുന്നതിന് രണ്ട്-മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് കരുതുന്നത്.

Top