കൊല്ലം. വിനോദയാത്രയ്ക്ക് പോകുമ്പോള്‍ കോളേജിലെ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശം എന്ന പേരില്‍ പ്രചരിക്കുന്ന നിയമവലിയില്‍ പങ്കില്ലെന്ന കോളേജ് പ്രിന്‍സിപ്പല്‍ നിഷ തറയില്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നിയമവലിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനിടെയിലാണ് നിയമവലി ഇറക്കിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ തന്നെ പറയുന്നത്.
താന്‍ സര്‍ക്കുലര്‍ ഇറക്കുമ്പോള്‍ ലെറ്റര്‍ പാഡിലാണ് ഇറക്കുന്നതെന്നും അതില്‍ തന്റെ ഒപ്പും സീലും കാണും എന്നാല്‍ പ്രചരിക്കുന്നതില്‍ ഇതൊന്നും കാണാനില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. എന്തായാലും താന്‍ അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.
അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. സദാചാരം പടിക്ക് പുറത്ത് എന്നെഴുതിയ ബാനറും കോളേജിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. കത്ത് ആരെഴുതി എന്ന് കണ്ടെത്തണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെടുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇരിക്കരുത്, ഫോട്ടോ എടുക്കരുത്, വിനോദ യാത്രാ വാഹനത്തില്‍ പെണ്‍കുട്ടികള്‍ക്കായി മുന്‍വശത്ത് സീറ്റ് സംവരണം, ഒരു കാരണവശാലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുത്, വസ്ത്രധാരണത്തില്‍ ശ്രദ്ധ പുലര്‍ത്തണം, പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുത്, നിശ്ചിത സമയം കഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ മുറികള്‍ പുറത്തുനിന്നും പൂട്ടും എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.