ചാലക്കുടിയില്‍ ഒമ്പത് വയസുകാരന് സ്‌കൂളില്‍ നിന്ന് പാമ്പ് കടിയേറ്റു

തൃശ്ശൂര്‍: ചാലക്കുടിയില്‍ സ്‌ക്കൂളില്‍ നിന്ന് ഒമ്പത് വയസുകാരന് പാമ്പ് കടിയേറ്റതായി റിപ്പോര്‍ട്ട്. സി.എം.ഐ കാര്‍മല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിക്കാണ് പാമ്പ് കടിയേറ്റത്.

ജെറാള്‍ഡ് എന്ന വിദ്യാര്‍ത്ഥിക്കാണ് പാമ്പ് കടിയേറ്റത്. കുട്ടിയെ അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് വിഷബാധയുണ്ടോ എന്നറിയാനായി രക്ത പരിശോധന നടത്തും.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Loading...

നേരത്തെ വയനാട് ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി സ്‌ക്കൂളില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ബത്തേരി സര്‍വജന സ്‌കൂളിലെ ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ചത്.

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

യഥാസമയം ചികിൽസ കിട്ടാത്തതാണു പാമ്പുകടിയേൽക്കുന്നവരിൽ നല്ലൊരു ശതമാനത്തിനും മരണം സംഭവിക്കാൻ കാരണമെന്നു ഡോക്‌ടർമാർ. നിശ്‌ചിത സമയത്തിനുള്ളിൽ പ്രതിവിഷം നൽകാൻ സാധിച്ചാൽ തന്നെ രോഗിയെ രക്ഷപ്പെടുത്താനാവും.

ആയുർവേദ ചികിൽസാ രീതി അനുസരിച്ചു പാമ്പുകടിയേറ്റാൽ ഉടൻ തന്നെ അഗതങ്ങൾ എന്നറിയപ്പെടുന്ന പ്രതിവിഷം ഉപയോഗിക്കുകയാണു ചെയ്യുക. ഇവ ശരീരത്തിലുള്ള വിഷത്തെ നിർവീര്യമാക്കുന്നു. ധാതുക്കളും ലോഹങ്ങളും ശാസ്‌ത്രീയമായി ശുദ്ധികരിച്ച് ഔഷധക്കൂട്ടുകൾ ചേർത്താണ് അഗതങ്ങൾ ഉണ്ടാക്കുന്നത്.

ജീവരക്ഷാഗുളിക,സജ്‌ജിവനി,കരുണഭാസ്‌കരം തുടങ്ങിയവയാണ് പ്രധാന അഗതങ്ങൾ.
കടിയേറ്റാൽ ആറു മണിക്കൂറിനുള്ളിലെങ്കിലും പ്രതിവിഷം നൽകിയിരിക്കണം. ശരീരത്തിലെ വിഷത്തിന്റെ അളവിനനുസരിച്ചു നൽകുന്ന പ്രതിവിഷത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. 20 മില്ലി ലിറ്റർ പ്രതിവിഷമാണ് ആദ്യഡോസായി കടിയേറ്റ ആൾക്കു കുത്തിവയ്‌ക്കുന്നത്.

വിഷബാധയുടെ ലക്ഷണങ്ങൾ നിലനിൽക്കുന്നുവെങ്കിൽ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും പ്രതിവിഷം നൽകും. ഇതു കൊണ്ടും കുറവുണ്ടാകുന്നില്ലെങ്കിൽ വിഷബാധയുടെ ലക്ഷണങ്ങൾ അപ്രത്യക്ഷമാകും വരെ ആറു മണിക്കൂർ ഇടവിട്ടു തുടർച്ചായി പ്രതിവിഷം നൽകുന്നു.

ചികിത്സാ രീതികൾ സാധാരണഗതിയിൽ പത്തു ദിവസം വരെ നീളാം. ആദ്യ ദിനങ്ങളിൽ സാധാരണ തിളപ്പിച്ചാറ്റിയ വെള്ളം, ഗ്ലൂക്കോസ് വെള്ളം, കഞ്ഞിവെള്ളം എന്നിവ കൊടുക്കാം. തുടർന്ന് സാധാരണ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം.

പാമ്പുകളുടെ കവിളിൽ സ്ഥിതി ചെയ്യുന്ന വിഷഗ്രന്ഥികൾ ഉല്പാദിപ്പിക്കുന്ന സ്രവമാണ് പാമ്പിൻ വിഷം. പാമ്പിൻ വിഷം സാധാരണ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു.

വിഷഗ്രന്ഥികളോട് ബന്ധിപ്പിച്ചിരിക്കുന്ന ഒരു ജോഡി വിഷപ്പല്ലുകൾ ഇവയുടെ മേൽത്താടിയിൽ ഇരുവശത്തുമായി സ്ഥാപിച്ചിരിക്കുന്നു. ഈ പല്ലുകളിലൂടെയാണ് പാമ്പുകൾ വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തി വെയ്ക്കുന്നത്. ശത്രുക്കളിൽ നിന്നും രക്ഷ നേടുവാനും ഇര പിടിക്കുവാനുമാണ് പാമ്പുകൾ വിഷം കുത്തിവെയ്ക്കുന്നത്.

പാമ്പിൻ വിഷം ആമാശയത്തിൽ പ്രവേശിക്കപ്പെട്ടാൽ സാധാരണ അപകടം സംഭവിക്കുന്നില്ല. മറിച്ച് വിഷം രക്തത്തിൽ കലർന്ന് ശാരീരികപ്രവർത്തനങ്ങളുടെ സന്തുലനാവസ്ഥയിൽ മാറ്റം ഉണ്ടാകുക വഴി മരണം സംഭവിക്കുന്നു.

വ്യത്യസ്തങ്ങളായ പോഷകങ്ങളുടേയും ദീപനരസങ്ങളുടേയും മിശ്രിതമാണ് പാമ്പിൻവിഷം. രക്തം പരിശോധിച്ച്, രണ്ട് മിനിറ്റിനുള്ളിൽ കടിച്ച പാമ്പ് ഏതിനമാണെന്നു തിരിച്ചറിയാനാവുന്ന സ്ട്രിപ് വരുന്നുവെന്നതാണ് പുതിയ റിപ്പോർട്ട്‌.