സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍: സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്ന് സൂരജ്: അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

കൊല്ലം: മൂന്നുമാസം മുന്‍പു കൊല്ലം അഞ്ചലില്‍ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി കിടപ്പുമുറിയില്‍ വച്ച് വീണ്ടും പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്രയുടെ (25) മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണു ഭർത്താവ് സൂരജിനെ ചോദ്യം ചെയ്യുന്നത്.  സൂരജിനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാൽ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കൂടുതൽ തെളിവുകൾ ഇതോടെ ലഭ്യമാകുമെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്.

ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര (25)യാണ് വീടിനുള്ളിൽ പാമ്പുകടിയേറ്റു മരിച്ചത്. മകളെ അപായപ്പെടുത്തിയെന്നാണു മാതാപിതാക്കളുടെ ആരോപണം. മാർച്ച് 2നാണ് ആദ്യമായി അടൂർ പറക്കോടെ ഭർതൃവീട്ടിൽ വെച്ച് ഉത്രയ്ക്ക് പാമ്പു കടിയേറ്റത്. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്. പാമ്പുകടിയേറ്റ ദിവസം ഭർത്താവും മുറിയിൽ ഉണ്ടായിരുന്നു എന്നാണ് പുതിയ സംശയത്തിന് കാരണമായത്. അന്വേഷണം ആവശ്യപ്പെട്ടു പിതാവ് വിജയസേനൻ, അമ്മ മണിമേഖല എന്നിവർ അ‍ഞ്ചൽ സിഐക്കു പരാതി നൽകി. കഴിഞ്ഞ 7 നു രാവിലെ കുടുംബവീട്ടിലെ കിടപ്പുമുറിയിലാണ് ഉത്രയെ അബോധാവസ്ഥയിൽ കാണപ്പെട്ടത്.

Loading...

റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഭർത്താവ് മുറിയിൽ ഉണ്ടായിരുന്നിട്ടും പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. ഉറക്കത്തിൽ വിഷപ്പാമ്പ് കടിച്ചാൽ വേദന കാരണം ഉണരേണ്ടതാണ്. അതുണ്ടായില്ല. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും ഭർത്താവിനെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യണമെന്നുമാണു രക്ഷിതാക്കളുടെ ആവശ്യം. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് കയറി എന്നത് അന്നു സംശയത്തിന് ഇടയാക്കിയിരുന്നു. ശീതികരിച്ച മുറിയുടെ ജനാല ഉത്ര തുറന്നുവെന്നാണ് ഭർത്താവ് വ്യക്തമാക്കിയത്. ഇക്കാര്യങ്ങൾ വിശ്വസനീയമല്ലെന്നും വിശദമായ അന്വേഷണത്തിലൂടെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ഉത്രയുടെ മാതാപിതാക്കൾ പറയുന്നു. അതേസമയം സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്നു കാട്ടി ഭര്‍ത്താവ് സൂരജും റൂറല്‍ എസ്പിക്കു പരാതി നല്‍കി. തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അടൂരിലെ ഭർതൃവീട്ടിൽ സംഭവത്തിനു ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറ‌ഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു.