കോടതിയില്‍ പാമ്പ്, ഒന്നര മണിക്കൂര്‍ നടപടിക്രമങ്ങള്‍ തടസ്സപ്പെട്ടു

എറണാകുളം ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറുകളോളം കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു ആലുവ മജിസ്ട്രേറ്റ് കോടതി രണ്ടിനുള്ളില്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്‌

കുഞ്ഞുങ്ങളെ പിടിച്ചെങ്കിലും തള്ള പാമ്പിനെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം കോടതിയില്‍ എത്തിയെങ്കിലും ശ്രമം ഫലം കണ്ടില്ല.പാമ്പിന് വിഷമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയതോടെയാണ് മണിക്കൂറുകളോളം നിര്‍ത്തിവെച്ച കോടതി നടപടി പുനരാരംഭിച്ചത്.

Loading...

രാവിലെ എട്ടോടെ കോടതി വൃത്തിയാക്കാനെത്തിയ ജീവനക്കാരി സുജാതയാണ് ആദ്യം പാമ്പിൻ കുഞ്ഞിനെ കാണുന്നത്. മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജിന്റെ ചേംബറിലായിരുന്നു കുഞ്ഞുങ്ങള്‍. തുടര്‍ന്ന് വലിയ പാമ്പിനെയും കണ്ടതോടെ മറ്റൊരു ജീവനക്കാരനെ വിളിച്ചു വരുത്തി ചെറിയ പാമ്പിനെ പിടികൂടി മാലിന്യ കൂമ്പാരത്തിലിട്ട് കൊന്നു. തള്ള പാമ്പിനായുള്ള തിരച്ചിലും ഉടന്‍ ആരംഭിച്ചു. മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ഇതിനിടയില്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് റേഞ്ച് ഓഫീസര്‍ ജെ.ബി. സാബുവിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മജിസ്‌ട്രേറ്റിന്റെ ചേംബറിലും ഡയസിലും പുറത്തും ഉള്‍പ്പെടെ ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. നിരവധി അലമാരകളും കേസ് ഫയലുകളും സൂക്ഷിച്ചിരിക്കുന്നതിനാല്‍ അവയ്ക്കുള്ളില്‍ കയറി പാമ്പ് രക്ഷപ്പെട്ടെന്നാണ് കരുതുന്നത്.

അതേസമയം, കോള്‍ബ്രിഡ് ഇനത്തില്‍പ്പെട്ട വെള്ളിവരയന്‍ എന്ന് വിളിക്കുന്ന രണ്ട് വോള്‍ഫ് സ്‌നേക്ക് ആണിതെന്നും വിഷമില്ലെന്നും വനം വകുപ്പ് അറിയിച്ചതോടെ ഉച്ചയ്ക്ക് കോടതി നടപടികള്‍ സാധാരണ നിലയിലായി.