വീട്ടുകാരുടെ ആഗ്രഹംകൊണ്ടാണ് താലികെട്ടി കല്യാണമായിട്ട് നടത്തിയത്. സ്‌നേഹ

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും വിവാഹിതരായ വാര്‍ത്ത സോഷ്യല്‍ മീഡിയയി്ല്‍ വൈറലായിരുന്നു. മറിമായം എന്ന പരമ്ബരയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായതാര ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചിരിക്കുകയാണ്. നടി സ്‌നേഹയും നടന്‍ ശ്രീകുമാറും വിവാഹിതരായ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. തങ്ങളുടെ ജീവിതത്തെക്കുറിച്ച് താരങ്ങള്‍ പങ്കുവയ്ക്കുന്നു.

‘ഇഷ്ടമാണ് എന്നൊന്നും ഞാനും ശ്രീയും പരസ്പരം പറഞ്ഞിട്ടില്ല. പ്രൊപ്പോസ് ചെയ്യലും ഉണ്ടായിരുന്നില്ല. എല്ലാം കൃത്യമായി സംഭവിക്കുകയായിരുന്നു. ജീവിത സാഹചര്യങ്ങളുമായൊക്കെ ബന്ധപ്പെട്ട്, ഒന്നിച്ചു നില്‍ക്കാം എന്നു തോന്നുകയായിരുന്നു. അല്ലാതെ ആ തീരുമാനം എടുത്തത് ഏത് ദിവസമാണ്, ഏത് സമയത്താണ് എന്നൊന്നും പറയാന്‍ പറ്റില്ല. പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ അതിനെക്കാള്‍, നമ്മളെ മനസിലാക്കുന്ന ഒരാള്‍, നമ്മുടെ കൂടെ നില്‍ക്കുന്ന ഒരാള്‍ എന്നതിനായിരുന്നു പരിഗണന. അങ്ങനെ ഒരാള്‍ തന്നെയാണല്ലോ കൂടെ വേണ്ടതും. അങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്. ഞങ്ങള്‍ക്കിടയില്‍ ആഴമുള്ള ഒരു സൗഹൃദമുണ്ട്. മറിമായം ടീം മൊത്തം അങ്ങനെയാണ്. മറിമായം ഒരു കുടുംബം പോലെയാണ്. എല്ലാവരും പരസ്പരം എല്ലാം തുറന്നു പറയാറുണ്ട്. എല്ലാവര്‍ക്കും എല്ലാവരുടെയും ജീവിതത്തെക്കുറിച്ച് അറിയാം

Loading...

കല്യാണം കഴിക്കാം എന്നത് അടുത്ത കാലത്താണ് തീരുമാനിച്ചത്. കുറച്ചേ ആയുള്ളൂ. രജിസ്റ്റര്‍ മാര്യേജ് എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. പക്ഷേ, വീട്ടുകാരുടെ ആഗ്രഹവും താല്‍പര്യവും പരിഗണിച്ചാണ് താലി കെട്ടി, കല്യാണമായിട്ട് നടത്താം എന്നു തീരുമാനിച്ചത്. എന്നാല്‍ ചടങ്ങ് ചെറുതു മതി, ആര്‍ഭാടങ്ങളൊന്നും വേണ്ട എന്നു പറഞ്ഞിരുന്നു.’ സ്‌നേഹ പറഞ്ഞു.

ഓട്ടന്‍തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വര്‍ നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മറിമായത്തിലൂടെയാണ് ശ്രീകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഉപ്പും മുളകിലും അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടി. പൃഥ്വിരാജ് നായകനായി അഭിനയിച്ച മെമ്മറീസ് എന്ന സിനിമയില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച് ശ്രീകുമാര്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. പിന്നീട് ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് താരങ്ങള്‍.