ദാരിദ്ര്യത്തിന്റെ നിലയില്ലാക്കയത്തില്‍ നിന്ന് യാത്ര തുടങ്ങിയതാണെന്റെ ജീവിതം; ശോഭാ സുരേന്ദ്രന്‍

ട്വിറ്ററിലൂടെ തന്റെ ബാല്യകാലത്തെ കയ്‌പ്പേറിയ അനുഭവം പങ്കുവെക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ട്വിറ്ററിലെ ദേശീയ, വലത് സ്ത്രീപക്ഷ ഹാന്‍ഡില്‍ അഭിമുഖത്തിലാണ് ശോഭ സുരേന്ദ്രന്‍ ഈ അനുഭവങ്ങളെല്ലാം പങ്കുവെച്ചിരിക്കുന്നത്. ചോദ്യോത്തരമായാണ് അവരുടെ വെളിപ്പെടുത്തല്‍. ദാരിദ്ര്യത്തിന്റെ നിലയില്ലാക്കയത്തില്‍ നിന്നുമാണ് യാത്ര തുടങ്ങിയതെന്നും ചെറുപ്പക്കാലത്തെ തന്റെ ഓണം വേദനയോടെ അല്ലാതെ ഓക്കാനികില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.

ചോദ്യം:നിലവിലെ സാമൂഹ്യ മാധ്യമങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും താങ്കള്‍ അടക്കം ഒരുപാട് സ്ത്രീകള്‍ സൈബര്‍ ആക്രമണം നേരിടുന്നുണ്ട്. ഈ അധിക്ഷേപങ്ങളെ എങ്ങനെ കാണുന്നു?

Loading...

ഉത്തരം:സ്ത്രീകള്‍ എല്ലാ മേഖലയിലും പ്രയാസം അനുഭവിക്കുന്നവരാണ്. പക്ഷെ സ്ത്രീകളായ പൊതുപ്രവര്‍ത്തകര്‍ എന്ന് ചോദിച്ചാല്‍, കേരളത്തില്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കാരല്ലാത്ത ഏത് പൊതുപ്രവര്‍ത്തകരും സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന രീതിയാണ് നിലവിലുള്ളത്. നിങ്ങള്‍ സിപിഎം അല്ലെങ്കില്‍ നിങ്ങള്‍ തെരുവില്‍ അക്രമിക്കപ്പെടുമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ സിപിഎം അല്ലെങ്കില്‍ സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെടും എന്ന അവസ്ഥയാണ്. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എതിരായപ്പോള്‍ അവരെയും ആക്രമിക്കുകയാണ്. ഇത് സംഘടിതമല്ല എന്ന് എങ്ങനെ പറയാന്‍ കഴിയും?
നവമാധ്യമങ്ങള്‍ സമൂഹത്തെ നന്മയിലേക്കാണ് നയിക്കേണ്ടത്. അതിതീഷ്ണമായ പോരാട്ടങ്ങളിലൂടെ പൊതു പ്രവര്‍ത്തനത്തിറങ്ങിയ സ്ത്രീകള്‍, അവര്‍ക്കെതിരെ ഒളിഞ്ഞിരുന്ന യുദ്ധം ചെയ്യുന്നവരെ കണ്ട് പിന്‍വാങ്ങില്ല.

ചോദ്യം:കേരളത്തില്‍ ഒരുപക്ഷേ എല്ലാവര്‍ക്കും ആകെ അറിയാവുന്ന ബിജെപിയിലെ ഒരേ ഒരു വനിത നേതാവാണ് താങ്കള്‍. എന്തുകൊണ്ടാണ് കേരള ബിജെപിയില്‍ സ്ത്രീകളെ അധികം കാണാത്തത്?

ഉത്തരം: ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭരണഘടന സ്ത്രീകളെ കൂടുതല്‍ രാഷ്ട്രീയത്തിലെത്തിക്കാന്‍ പൊളിച്ചു മാറ്റിയതാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടികളുടെ അന്തിമ തീരുമാനം എടുക്കുന്ന കമ്മിറ്റികളില്‍ സ്ത്രീകള്‍ ഉണ്ടായിരിക്കേണ്ടതാണ്.
കേരളം പുരോഗമനവാദികളുടെ നാടാണ്, ബാക്കി സംസ്ഥാനങ്ങളെല്ലാം ഏതോ അവികസിത രാജ്യത്തിന്റെ തരിശ് ഭൂമികളാണ് എന്ന മട്ടില്‍ സംസാരിക്കുന്നവരുണ്ട്. ഇന്ത്യയില്‍ എത്രയോ ദശകങ്ങള്‍ക്ക് മുന്‍പാണ് സുഷമ ജിയും ഉമാ ഭാരതി ജിയും ഒക്കെ മുഖ്യമന്ത്രി ആയത്. കേരളത്തില്‍ ഇത് നടക്കുമോ?കെ കെ ശൈലജ മികച്ച മന്ത്രിയാണെന്ന് അവരുടെ തന്നെ പ്രചരണം ജനങ്ങളെ സ്വാധീനിക്കുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്താസമ്മേളനം ഉള്‍പ്പടെ എല്ലാം പിണറയി വിജയന്‍ ഹൈജാക്ക് ചെയ്തില്ലേ? ഇവരാണോ യഥാര്‍ത്ഥ നവോഥാന സ്ത്രീ സംരക്ഷകര്‍? ആ തലത്തില്‍ നോക്കിയാല്‍ കേരളം ഒരു സ്ത്രീ സൗഹാര്‍ദ്ദ പ്രദേശമല്ല.വ്യക്തിപരമായ അനുഭവം ചോദിച്ചാല്‍ ബാലഗോകുലത്തില്‍ 13ആം വയസ്സ് മുതല്‍ പ്രസംഗിച്ചു തുടങ്ങിയ ഒരാളാണ് ഞാന്‍. അവിടെയൊന്നും ജാതിയുടെയോ ലിംഗഭേദത്തിന്റെയോ വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീകള്‍ക്ക് കൃത്യമായ അംഗീകാരം നല്‍കണം. എന്നാലേ സ്ത്രീക്ക് മുന്‍പോട്ട് വരാന്‍ കഴിയൂ.

ചോദ്യം: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പേര് മാറ്റി കേരളത്തില്‍ നടപ്പാക്കുന്ന ഈ സാഹചര്യത്തില്‍ എങ്ങനെയാണ് അതിനെ ജനങ്ങളിലേക്ക് മോദി സര്‍ക്കാരിന്റെ പദ്ധതി എന്ന രീതിയില്‍ എത്തിക്കുന്നത്?

ഉത്തരം: പദ്ധതികളുടെ പേരു മാറ്റുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് കാണിക്കുന്നത്. എന്നാല്‍ നരേന്ദ്ര മോദി ജിയുടെ സര്‍ക്കാരിന്റെ നയം സബ് കാ സാത്ത് സബ് കാ വികാസെന്നതാണ്. ഏത് പേരിലായാലും വികസനം ജനങ്ങളിലേക്കെത്തണം. അത് പോലും സി പി എം സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ എട്ടുകാലി മമ്മൂഞ്ഞുകളുടെ വ്യാജ പ്രചരണം തടയാന്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നുണ്ട്. എന്നാല്‍ നവമാധ്യമങ്ങളിലാണെങ്കില്‍ അതില്‍ നിങ്ങളോരോരുത്തരുടെയും സഹായം കൂടിയെ തീരൂ.

ചോദ്യം:20 കൊല്ലത്തില്‍ കൂടുതല്‍ ആയല്ലോ രാഷ്ടീയത്തില്‍. എങ്ങനെ ആയിരുന്നു ഈ യാത്ര ആരംഭിച്ചത്?

ഉത്തരം: ദാരിദ്ര്യത്തിന്റെ നിലയില്ലാക്കയത്തില്‍ നിന്ന് യാത്ര തുടങ്ങിയതാണെന്റ ജീവിതം. ചെറുപ്പത്തിലെ ഓണക്കാലമൊക്കെ വേദനയോടെയല്ലാതെ ഓര്‍ക്കാനാകില്ല. പുത്തനുടുപ്പിട്ട് കൂട്ടുകാരികള്‍ വരുമ്പോള്‍ എതിര്‍ദിശയിലൂടെ വരുന്ന ഞാന്‍ ഒളിച്ചു നില്‍ക്കുമായിരുന്നു. ഓണക്കോടിയൊക്കെ സ്വപ്നമായിരുന്നു.ഞങ്ങളുടെ മുഖം നോക്കി അച്ഛന്‍ ചോദിക്കുമായിരുന്നു ഓണത്തിന് വയറു നിറച്ച് ഭക്ഷണമാണോ പുത്തനുടുപ്പാണോ വേണ്ടതെന്നു. മരം വെട്ടായിരുന്നു പണി. അഞ്ചുപെണ്ണും ഒരു ആണുമുള്ള കുടുംബത്തിന് അന്ന് അത് ഒരു വരുമാനമാര്‍ഗമേ ആയിരുന്നില്ല. ഏറ്റവും ഇളയകുട്ടിയായ ഞാന്‍ എട്ടാം ക്ലാസ്സില്‍ എത്തിയപ്പോള്‍ അച്ഛന്‍ മരിച്ചു.പിന്നെ അമ്മയാണ് വളര്‍ത്തിയത്. പരാധീനതകള്‍ക്ക് നടുവിലാണ് ജീവിച്ചത്. ബാലഗോകുലത്തില്‍ നിന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബാലഗോകുലത്തിന്റെ താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, ജില്ലാ മാഗിനി പ്രമുഖ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. ആര്‍ എസ് എസാണ് ജീവിതത്തിന് പുതിയ തെളിച്ചം നല്‍കിയത്.