തൃശൂര്‍: ഫെയ്‌സ്ബുക്കിലൂടെ സ്ത്രീകളെ വശീകരിച്ച്‌ ലൈംഗികചൂഷണം ചെയ്ത കേസില്‍ യുവാവ് പിടിയില്‍. തൃശൂര്‍ നന്ദിപുലം സെന്റ് മേരിപള്ളിക്ക് സമീപം കാരൂക്കാരന്‍ ഹൗസില്‍ പ്രിജോ ആന്റണി(29)യാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ചുള്ള പോലീസ് പറയുന്നത് ഇങ്ങനെ:
ഫെയ്‌സ്ബുക്കില്‍ നോഹ നമ്പത്ത് എന്ന പേരില്‍ പ്രഫൈല്‍ ഉണ്ടാക്കുകയും പാരാസൈക്കോളജിയില്‍ പിഎച്ച്.ഡി. ബിരുദം നേടിയിട്ടുണ്ടെന്നും കാണിച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനികളടക്കമുള്ളവരുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. ചാറ്റിങ്ങിലൂടെയും ലൈംഗികചുവയുള്ള ഫോണ്‍ സംഭാഷണത്തിലൂടെയുമായിരുന്നു കോളജ് വിദ്യാര്‍ഥിനികളെയും വീട്ടമ്മമാരെയും വലയിലാക്കിയിരുന്നത്. മരിച്ച ആത്മാക്കളുമായി നേരിട്ടു സംസാരിക്കാന്‍ കഴിവുണ്ടെന്നു വിശ്വസിപ്പിച്ച ശേഷം ഹോട്ടല്‍ മുറികളില്‍ വിളിച്ചുവരുത്തി അര്‍ധനഗ്‌നരാക്കി പൂജനടത്തുകയും ഇവരുടെ ഫോട്ടോയെടുത്തശേഷം ഭീഷണപ്പെടുത്തി ലൈംഗികവേഴ്ചയ്ക്കു വിധേയരാക്കുകയുമാണ് രീതി. സ്ത്രീകളില്‍നിന്ന് പണം തട്ടിയെടുത്തതായും ഇയാള്‍ക്കെതിരേ ആരോപണമുണ്ട്.

കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ റക്‌സ് ബേബി അര്‍വിന്‍, എ.എസ്.പി: എം.എസ്. സന്തോഷ്, ഈസ്റ്റ് സി.ഐ.ബി. പങ്കജാക്ഷന്‍, എസ്.ഐമാരായ ആര്‍. രതീഷ്, പ്രകാശന്‍, സെപ്ഷല്‍ ബ്രാഞ്ച് എസ്.ഐമാരായ മഹേഷ്, അബ്ദുല്‍ റഹ്മാന്‍, ഷാഡോ പോലീസുകാരായ മണികണ്ഠന്‍, സജു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ കുടുക്കിയത്.