തെയ്യം ഭക്തരെ മനനപൂര്‍വ്വം ഓടിച്ചിട്ട് തല്ലിയോ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം

കാഞ്ഞങ്ങാട്: തെയ്യം ഭക്തരെ ഓടിച്ചിട്ട് തല്ലി, അടിയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി കുറച്ച് ദിവസമായി ഒരു വീഡിയോയ്ക്ക് ഒപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയണിത്. ഇതാണ് ഇപ്പോള്‍ നവ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയവും. ഭക്തര്‍ക്ക് നടുവിലായി നില്‍ക്കുന്ന തെയ്യം പലരെയും ഓടിച്ചിട്ട് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് പുറത്തെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി. എന്നാല്‍ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തെയ്യം കെട്ടിയ വിനീത് പണിക്കര്‍.

വീഡിയോ പ്രചരണത്തിന് പിന്നില്‍ കുറേ യുക്തിവാദികളാണെന്നും അദ്ദേഹം ആരോപിച്ചു. തെയ്യം കെട്ടുന്നത് അവസാനിപ്പിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും വിനീത് പറയുന്നു. പക്ഷെ എത്രയൊക്കെ വൈറലാക്കിയാലും ഈ രീതിയില്‍ തന്നെ തെയ്യം ഇനിയും പെരുമാറുമെന്ന് വിനീത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Loading...

വിനീത് പണിക്കരുടെ വാക്കുകള്‍ ഇങ്ങനെ;

‘കാഞ്ഞങ്ങാട് തെരുവോത്തു മൂവാളം കുഴിയിലാണ് ഞാന്‍ തെയ്യം കെട്ടിയാടിയത്. ചാമുണ്ഡിതെയ്യമായിരുന്നു. ചാമുണ്ഡിയെന്ന് പറഞ്ഞാല്‍ ഉഗ്രരൂപിണിയാണ്. രണ്ട് തന്ത്രിമാര്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ ഫലമായിട്ടാണ് ചാമുണ്ഡി ശക്തി രൂപം കൊണ്ടത്. രൗദ്രരൂപത്തിലുള്ള രൂപമായിട്ടാണ് ഈ തെയ്യത്തെ കണക്കാക്കുന്നത്. എല്ലാവര്‍ഷവും ചാമുണ്ഡി തെയ്യം ഇങ്ങനെ തന്നെയാണുള്ളത്. ഞാന്‍ തെയ്യം കെട്ടാന്‍ തുടങ്ങിയിട്ട് അഞ്ചാറ് വര്‍ഷമാകുന്നതേയുള്ളൂ. എന്റെ അച്ഛനായിരുന്നു ഇതിന് മുന്‍പ്.

അച്ഛന്‍ 55 തവണ ഈ തെയ്യം കെട്ടിയിട്ടുണ്ട്. അന്നുതൊട്ട് ഇന്ന് വരെയും ഈ രീതിയില്‍ തന്നെയാണ് തെയ്യം ആടുന്നത്. തല്ലുകൊള്ളുന്നതും കൊടുക്കുന്നതും സാധാരണയാണ്. തല്ലുകൊണ്ടെന്ന് പറയുന്നവര്‍ക്ക് യാതൊരു പരാതിയുമില്ല. അവര്‍ക്ക് ഈ തെയ്യത്തെക്കുറിച്ച് അറിയാം. ഈ നാട്ടുകാരാണ്. തെയ്യത്തിന്റെ കൈയ്യില്‍ നിന്നും തല്ല് കൊള്ളുന്നത് അവര്‍ക്ക് ഒരു ഹരമാണ്. അതിന് വേണ്ടിയാണ് തെയ്യത്തെ പ്രകോപിപ്പിക്കുന്നത്. തല്ലുന്നത് തെയ്യത്തിന്റെ അനുഗ്രഹം കിട്ടുന്നതിന് തുല്യമായിട്ടാണ് ഇവിടെയുള്ളവര്‍ കരുതുന്നത്. തൊഴുത് നില്‍ക്കുന്നവരെ തെയ്യം ഉപദ്രവിക്കാറില്ല. ചാമുണ്ഡിയുടെ നേതൃത്വത്തില്‍ യുദ്ധത്തിന് പുറപ്പെടുന്നതാണ് തെയ്യത്തിന്റെ സന്ദര്‍ഭം.

ചാമുണ്ഡി തെയ്യത്തിനൊപ്പം തുണയായി പടവീരനുമുണ്ട്. രണ്ടും തല്ലുന്ന തെയ്യങ്ങളാണ്. ചാമുണ്ഡിതെയ്യം കെട്ടിയതിന് ഞങ്ങളുടെ സമുദായത്തില്‍ വീരശൃംഖല ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഞാന്‍. ആ പേരിന് കൂടിയാണ് കളങ്കമുണ്ടായിരിക്കുന്നത്. ക്ഷേത്രത്തിനും ഇത് ക്ഷീണമായി. പുറത്ത് നിന്നുള്ള കുറേ യുക്തിവാദികളാണ് ഈ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാക്കിയത്. തെയ്യം കെട്ടുന്നത് അവസാനിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. പക്ഷെ എത്രയൊക്കെ വൈറലാക്കിയാലും ഈ രീതിയില്‍ തന്നെ തെയ്യം പെരുമാറും. ആ രീതിയില്‍ പെരുമാറുന്നതാണ് ഈ നാട്ടിലുള്ളവര്‍ക്കും ഇഷ്ടം. അതൊരിക്കലും മാറ്റാനാകില്ല.’