ബിലിവേഴ്സ് ചർച്ച് സ്കൂൾ മേധാവിക്ക് അദ്ധ്യാപികയേ പീഢിപ്പിച്ചതിനു തടവ് ശിക്ഷ

തൃശൂർ: ബിലിവേഴ്സ് ചർച്ചിന്റെ സ്കൂൾ മേധാവിക്ക് സ്വന്തം സ്കൂളിലേ അദ്ധ്യാപികയേ പീഢിപ്പിച്ച കേസിൽ തടവ്‌ ശിക്ഷ. അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്‌കൂൾ അക്കാഡമിക് ഡയരക്ടർക്കു തടവു ശിക്ഷ. ബിലിവേഴ്‌സ് ചർച്ചിനു കീഴിലുള്ള തൃശൂർ മാളക്കടുത്ത അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌കൂളിൽ കംപ്യൂട്ടർ അധ്യാപികയായിരുന്ന പയ്യന്നൂർ  സ്വദേശിനി നൽകിയ പരാതിയിലാണ് സ്‌കൂൾ അക്കാഡമിക് ഡയരക്ടറായിരുന്ന തിരുവല്ല കുട്ടാപ്പുഴ ബി.സി.ടി.എഫ്. ഫാക്കൽറ്റി ക്വാർട്ടേഴ്‌സിലെ സോജൻ.കെ. വർഗീസിനെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നു മാസം തടവിനു ശിക്ഷിച്ചത്. രണ്ടാം പ്രതി ആളൂർ കല്ലേറ്റുംകര ചക്കാലക്കൽ ടിനി ജിക്‌സോയെ കുറ്റക്കാരിയല്ലെന്നു കണ്ട് വെറുതെ വിട്ടു.

ഉപരിപഠനാർഥം അവധിക്ക് അപേക്ഷിച്ചെങ്കിലും സ്‌കൂൾ അധികൃതർ അനുവദിക്കാത്തതിനെ തുടർന്ന് അധ്യാപിക 2015 നവംബർ 30നു ജോലി രാജിവെക്കുന്നതായി കാണിച്ച് നവംബർ ആദ്യം കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെ നവംബർ 13ന് അക്കാഡമിക് ഡയരക്ടറായ സോജൻ കെ.വർഗീസ് സ്വന്തം കാബിനിലേക്കു വിളിപ്പിച്ച് ലൈംഗിക ചുവയോടെ പെരുമാറുകയും രാജി വെക്കുമ്പോൾ ആനുകൂല്യങ്ങളും സർട്ടിഫിക്കറ്റുകളും മറ്റും നൽകണമെങ്കിൽ ഒരു ദിവസം കൂടെ ചെല്ലണമെന്ന് ലൈംഗിക ചേഷ്ടകളോടെ ആവശ്യപ്പെടുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയായിരുന്നു കേസ്.

അധ്യാപികയുടെ സ്‌കൂളിലെ അവസാന പ്രവൃത്തി ദിവസമായിരുന്ന നവംബർ 30നു ഫോണിൽ വിളിച്ച് രാജവെക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളും മറ്റും ലഭിക്കണമെങ്കിൽ താൻ പറഞ്ഞത് അനുസരിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയും അവഹേളിക്കുകയും ചെയ്തു. ഇതോടെ സ്‌കൂളിൽ കുഴഞ്ഞു വീണ അധ്യാപികയെ സ്‌കൂൾ ജീവനക്കാർ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീഡനത്തെയും അവഹേളനത്തെയും തുടർന്നു മാനസികമായി തകർന്ന അധ്യാപികയെ സൈക്കോളജി വിഭാഗത്തിലടക്കം ചികിൽസക്കു വിധേയയാക്കിയതായി ആശുപത്രി അധികൃതരും ചികിൽസാ രേഖകൾ സഹിതം കോടതിയിൽ സാക്ഷിമൊഴി നൽകി.

സംഭവം സംബന്ധിച്ച് നവംബർ 30നു തന്നെ മാള പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ ഒത്തു തീർപ്പു ശ്രമം നടത്തുകയായിരുന്നു പൊലീസ്. ഒടുവിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ആഭ്യന്തര മന്ത്രി അടക്കമുള്ളവർക്കും പരാതി നൽകിയ ശേഷമാണ് മൂന്നു മാസത്തിനി ശേഷം 2016 മാർച്ച് നാലിനു മാള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതിഭാഗത്തിനു വേണ്ടി സാക്ഷിയായെത്തിയ വിജയഗിരി സ്‌കൂൾ മാനേജർ ഡോ.സാമുവൽ മാത്യു ഹാജരാക്കിയ രാജിവെച്ച അധ്യാപികക്ക് ആനുകൂല്യങ്ങൾ നൽകിയതിന്റെ രേഖകൾ ഈ കേസുമായി ബന്ധമില്ലാത്തതാണെന്നും കോടതി കണ്ടെത്തി. മാത്രമല്ല, ആ ആനുകൂല്യങ്ങൾ ലഭിക്കാൻ അധ്യാപികക്ക് ലേബർ കോടതിയെ സമീപിക്കുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കേണ്ടി വന്നതായും കോടതി ചൂണ്ടിക്കാട്ടി.

തുടർന്നാണ് ഐപിസി 354 എ(നാല്) പ്രകാരം അധ്യാപികയെ പീഡിപ്പിച്ചതിന് സ്‌കൂൾ അക്കാഡമിക് ഡയരക്ടറായ സോജൻ കെ.വർഗീസിനെ മൂന്നു മാസം തടവിനു ശിക്ഷിച്ചത്. സോജൻ കെ. വർഗീസ് നിർദേശിച്ചതു പ്രകാരം അദ്ദേഹത്തെ കാണാൻ പരാതിക്കാരിയോട് നിർദേശിക്കുക മാത്രമാണു ചെയ്തതെന്നും സോജൻ കെ. വർഗീസിന്റെ ഉദ്ദേശ്യം എന്തായിരുന്നെന്നു തനിക്കറിയില്ലായിരുന്നെന്നും രണ്ടാം പ്രതിയായ സ്‌കൂളിലെ ഓഫിസ് ജീവനക്കാരി ടിനി ജിക്‌സോ കോടതിയെ അറിയിച്ചു. ഇതംഗീകരിച്ച കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. പരാതിക്കാരിക്കു വേണ്ടി ചാലക്കുടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.പി.രാധാകൃഷ്ണൻ ഹാജരായി

Top