സരിത നായര്‍ താമസിച്ചത് പത്തനാപുരത്ത്; കത്തില്‍ പ്രമുഖരുടെ പേര് വന്ന വഴി ഇങ്ങനെയെന്ന്‌..

തിരുവനന്തപുരം: സോളാര്‍ കേസ് കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ അഴിക്കുള്ളിലാക്കുമെന്ന ആശങ്കക്കിടെ ഞെട്ടിക്കുന്ന പുതിയ ആരോപണം. എല്ലാത്തിനും പിന്നില്‍ കളിച്ചത് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേഷ് കുമാറുമാണെന്ന്. ഇക്കാര്യം കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ അറിയിക്കാനും പരാതി നല്‍കാനും കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചു.

കോണ്‍ഗ്രസ് നേതാക്കളെ കുടുക്കിയ സരിതയുടെ വിവാദ കത്തിന് പിന്നില്‍ കളിച്ചത് ആരാണ്. സരിതയുടെ കത്ത് ജയിലില്‍ നിന്ന് പുറത്തെത്തിയത് എങ്ങനെ… തുടങ്ങി നിരവധി ചോദ്യങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. സംഭവത്തില്‍ ബാലകൃഷ്ണ പിള്ളയ്ക്കും ഗണേഷ് കുമാറിനും വ്യക്തമായ പങ്കുണ്ടെന്നാണ് അവര്‍ സംശയിക്കുന്നത്.

Loading...

അച്ഛനും മകനും സോളാര്‍ കേസില്‍ നിര്‍ണായ പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംശയിക്കുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക സംഘത്തിന് പരാതി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പത്തനംതിട്ട ജയിലിലെത്തി സരിതയുടെ കൈയില്‍ നിന്ന് കത്ത് വാങ്ങിയത് ആരാണ്. ആരാണ് ഈ കത്ത് പുറത്തെത്തിച്ചത്. ഇക്കാര്യം കണ്ടെത്തണമെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ സിആര്‍ നജീബ്, അലക്‌സ് മാത്യു, റെജിമോന്‍ വര്‍ഗീസ് എന്നിവര്‍ ആവശ്യപ്പെട്ടു.

സരിതയുടെ കത്തില്‍ പ്രമുഖരുടെ പേര് ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നിരവധി പ്രമുഖരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് നേതാക്കള്‍ സംശയം പ്രകടിപ്പിച്ചു. സരിത ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം താമസിച്ച സ്ഥലങ്ങളും നോതാക്കള്‍ വിശദീകരിച്ചു. ശാസ്താംകോട്ട, തലവൂര്‍, പത്തനാപുരം തുടങ്ങിയ ഭാഗങ്ങളിലാണ് സരിത ജയിലില്‍ നിന്നിറങ്ങിയ ശേഷം താമസിച്ചത്. പത്തനാപുരത്തും കൊട്ടാരക്കരയിലുമാണ് ഉമ്മന്‍ ചാണ്ടിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ ഗൂഢാലോചന നടന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ഗണേഷ് കുമാറിന്റെ മുന്‍ ഡ്രൈവര്‍മാരുടെ മരണം അന്വേഷിക്കണം. അതില്‍ ദുരൂഹതയുണ്ട്. ഇത്തരം ദുരൂഹതകള്‍ നീക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെടാനും കെപിസിസി നേതാക്കള്‍ തീരുമാനിച്ചു. സോളാര്‍ കേസില്‍ ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നല്‍കി. ആരോപണങ്ങളില്‍ വ്യക്തത ലഭിക്കാന്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

അതിനിടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമാക്കി. വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ട് തേടുമെന്ന് അറിയിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരുപക്ഷേ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടേക്കുമെന്നും വ്യക്തമാക്കി. മറ്റു മാര്‍ഗത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കിലാണ് ഉമ്മന്‍ചാണ്ടി പിണറായി വിജയനെ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് കൈമാറാന്‍ ആവശ്യപ്പെടുക. എന്താണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയാതെ എങ്ങനെ മുന്നോട്ട് നീങ്ങാനാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളെ അലട്ടുന്ന ചോദ്യം. തുടര്‍നടപടികളിലേക്ക് കടക്കണമെങ്കില്‍ റിപ്പോര്‍ട്ട് ലഭിക്കല്‍ നിര്‍ബന്ധമാണെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.