സോളാര്‍ റിപ്പോര്‍ട്ട് , മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി:  സോളര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമെന്നും വിചാരണയ്ക്കുമുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു. പരാമര്‍ശം റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് വേരെയുള്ള വിമര്‍ശനങ്ങള്‍. ഹര്‍ജിക്കാരന്റെ മൗലികാവശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും കോടതി. സരിതയുടെ കത്തിന്റെ ഉള്ളടക്കം ചര്‍ച്ചചെയ്യുന്നത് വിലക്കണമെന്ന് ഉമ്മന്‍ചാണ്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ കുരുക്കില്‍ ചാടിച്ചത് എജിയുടേയും ഡിജിപിയുടേയും നിയമോപദേശങ്ങള്‍. ഇരുവരുടേയും ഉപദേശമനുസരിച്ചാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ കൂടുതല്‍ വിദഗ്ധ നിയമോപദേശം ലഭിച്ചതോടെ പ്രഖ്യാപിച്ച നടപടികള്‍ മരവിപ്പിക്കേണ്ടിവന്നു. സോളര്‍ ജുഡിഷ്യല്‍ കമ്മീഷന്‍ എന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട് നല്‍കിയത് സെപ്റ്റംബര്‍ 25ന്. ഒരാഴ്ചക്ക് ശേഷം ഒക്ടോബര്‍ 3ന് റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിനോടും സര്‍ക്കാര്‍ നിയമോപദേശം തേടി. ഇരുവരും മറുപടി നല്‍കുന്നത് ഒക്ടോബര്‍ 10ന്. അത് ഇങ്ങനെയായിരുന്നു. സരിത എസ് നായരുടെ പക്കല്‍ നിന്ന് പണം കൈപ്പറ്റിയതായി കമ്മീഷന്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. സരിതയെ ഉപയോഗിച്ച് ലൈംഗിക സംതൃപ്തി വരുത്തിയത് അഴിമതിയായി പരിഗണിച്ച് അതിനും കേസെടുക്കണം.

ഉമ്മന്‍ ചാണ്ടിയുടെ പങ്ക് സംശയിക്കുന്ന പെരുമ്പാവൂരിലെയും കോന്നിയിലെയും സോളര്‍ ബന്ധമുളള കേസുകള്‍ വീണ്ടും അന്വേഷിക്കണം. ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും കേസ് വേണം. അഴിമതി കുറ്റം ചുമത്തി ആര്യാടന്‍ മുഹമ്മദിന് എതിരെയും കേസെടുക്കണം. സോളാര്‍ കേസുകളുടെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പ്രത്യേക പോലീസ് സംഘത്തിലെ എല്ലാവര്‍ക്കും എതിരെ വകുപ്പുതല നടപടി വേണം. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് എഡിജിപി പദ്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ,, ഉമ്മന്‍ ചാണ്ടിയുടെ സ്റ്റാഫില്‍ പെട്ടവര്‍ മുതല്‍ അദ്ദേഹവുമായി അടുപ്പമുള്ള പോലീസ് സംഘടന ഭരവാഹിക്കെതിരെ വരെ പുതിയ കേസുകള്‍ എടുത്ത് അന്വേഷിക്കണമെന്നായിരുന്നു എജിയും ഡിജിപിയും ഉപദേശിച്ചത്. 10ന് ഈ നിയമോപദേശങ്ങള്‍ കയ്യില്‍ കിട്ടി. 11ന് രാവിലെ വേങ്ങര തിരഞ്ഞെടുപ്പ് ദിവസം വാര്‍ത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി ഇവ പ്രഖ്യാപിച്ചത്. അതേസമയം ഈ രണ്ട് നിയമോപദേശങ്ങള്‍ തമ്മിലെ അസാമാന്യമായ സാദൃശ്യം അമ്പരപ്പിക്കുന്നതാണ്. ഭാഷയിലും വാചക ഘടനയിലും മാത്രമാണ് വ്യത്യാസമുള്ളത്. ശുപാര്‍ശകളെല്ലാം ഒന്നുതന്നെ. ഒരെണ്ണം കൊണ്ടുപോലും ഏറ്റക്കുറച്ചില്‍ ഇല്ല. അക്കമിട്ട് പറയുമ്പോള്‍ ക്രമനമ്പറും പാരഗ്രാഫും പോലും മാറിയില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെയാകാം രണ്ടാമതൊന്ന് ആലോചിക്കാതെ ഇവയത്രയും നടപ്പാക്കാന്‍ മുഖ്യമന്ത്രി തിടുക്കം കാട്ടിയത്. എന്നാല്‍ നിയമപരമായി ഇവക്ക് ഒന്നിനും നിലനില്‍പ് ഇല്ലെന്ന് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ബോധ്യപ്പെട്ടു. ഇതോടെയാണ് സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി അരിജിത് പസായതിനോട് നിയമോപദേശം തേടിയത്. അത് ലഭിച്ചതോടെ പ്രഖ്യാപിച്ചതില്‍ നിന്നെല്ലാം സര്‍ക്കാരിന് പിന്നോട്ട് പോകേണ്ട സ്ഥിതിയുമായി.