സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ

Saritha S Nair

സരിത എസ് നായര്‍ക്ക് തടവുശിക്ഷ. മൂന്നു വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. 2009 ലെ കേസിലാണ് കോയമ്ബത്തൂര്‍ കോടതി ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കാറ്റാടിയന്ത്രം സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി കോയമ്ബത്തൂര്‍ സ്വദേശിയായ വ്യാപാരി ത്യാഗരാജനില്‍ നിന്നും 26 ലക്ഷം തട്ടിയെടുത്ത കേസിലാണ് കോടതി വിധി. കേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണന്‍, ആര്‍ സി രവി എന്നിവര്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഇവര്‍ക്കും മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

Loading...

കോയമ്പത്തൂര്‍ വടവള്ളി രാജ്നാരായണന്‍ ടെക്സ്റ്റൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ ത്യാഗരാജന്‍ നല്‍കിയ കേസിലാണ് കോടതി ഉത്തരവുണ്ടായത്. ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി ആന്റ് മാനേജ്മെന്റ് സര്‍വ്വീസസ് എന്ന പേരില്‍ സരിത നായര്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ബിജു രാധാകൃഷ്ണന്‍ മാനേജിംഗ് ഡയറക്ടറും ആര്‍ പി രവി ഡയറക്ടറുമായി തുടങ്ങിയ കമ്ബനിയില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് 26 ലക്ഷം തന്റെ കയ്യില്‍ നിന്ന് തട്ടിച്ചെന്നായിരുന്നു ത്യാഗരാജന്റെ ഹര്‍ജി.

കൂടാതെ വിവിധ കമ്പനികളില്‍ തന്റെ പേരുകൂടി ചേര്‍ത്ത പരസ്യം നല്‍കുകയല്ലാതെ ഒന്നും സ്ഥാപിച്ചില്ലെന്നും ഹര്‍ജിയില്‍ ത്യാഗരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ സമയങ്ങളില്‍ ബിജു രാധാകൃഷ്ണനെ കോടതി വിളിപ്പിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ബിജുവിനെതിരെ അറസ്റ്റ് വാറണ്ട് വരെ കോടതി പുറപ്പെടുവിച്ചിരുന്നു. മൂന്നുപേര്‍ക്കുമെതിരെ മറ്റ് ചില വ്യവസായികള്‍ നല്‍കിയ സമാന പരാതികള്‍ കോടതിയുടെ പരിഗണനയിലാണ്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെയുള്ള അഴിമതിആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷ കക്ഷിയായിരുന്ന സി.പി.ഐ.എം സെക്രട്ടറിയേറ്റിനു സമീപം വന്‍പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. തുടര്‍ന്ന് നടത്തിയചര്‍ച്ചയിലാണ് സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. തുടര്‍ന്നാണ് ജസ്റ്റിസ് ശിവരാജനെ കമ്മീഷനായി നിയോഗിച്ചത്.

2013 ഒക്ടോബര്‍ 28ന് സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ കമ്മീഷനായി നിയോഗിച്ചത്. നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ 214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖകള്‍ കമ്മീഷന്‍ പരിശോധിക്കുകയും ചെയ്തു.

നാല് ഭാഗങ്ങളിലായി 1073 പേജുകളുള്ള റിപ്പോര്‍ട്ടാണ് 2017 സെപ്റ്റംബര്‍ 26ന് കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചത്.

കേരളത്തില്‍ സൗരോര്‍ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി വിവിധയിടങ്ങളിലെ ആളുകളില്‍നിന്നും ‘ടീംസോളാര്‍’ എന്ന കമ്പനിയുടെ പേരില്‍ രണ്ട് യുവ സംരംഭകര്‍ പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സോളാര്‍ തട്ടിപ്പ് എന്നറിയിപ്പെടുന്നത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവററ് ലിമിറ്റഡ് എന്ന പേരില്‍ സരിതാ നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പു നടത്തിയത്.

തങ്ങളുടെ കസ്റ്റമേഴ്‌സിനുവേണ്ടി കിന്‍ഫ്രാ പാര്‍ക്കുകളില്‍ വിന്‍ഡ് മില്ലുകള്‍ സ്ഥാപിക്കുന്നതിനും പാര്‍ക്കുകളില്‍ ഭൂമി കിട്ടുന്നതിനും കേന്ദ്ര സബ്‌സിഡി, വിന്‍ഡ് മില്ലുകള്‍ സജ്ജീകരിക്കുന്നതിനായുള്ള ഐ.ആര്‍.ഇ.ഡി.എയില്‍ നിന്നുള്ള വായ്പകള്‍ തുടങ്ങിയ സഹായങ്ങള്‍ നേടിയെടുക്കാനാണ് ഇവര്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ സമീപിക്കുന്നത്.

ഈ വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് സംരംഭകര്‍ സഹായത്തിന് അര്‍ഹരാണോയെന്ന് ഉറപ്പുവരുത്തുന്നതിനു പകരം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ സംരംഭകരെ ചൂഷണം ചെയ്തുകൊണ്ട് അഴിമതിക്ക് വഴിയൊരുക്കുകയാണ് ചെയ്തതെന്നാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാകുന്നത്.