പാലക്കാട് ; ഛത്തീസ്ഗഢിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ എസ് മുഹമ്മദ് ഹക്കീന് കണ്ണീരിൽ കുതിർന്ന വിട നൽകി നാട്. ഛത്തീസ്ഗഢിലെ സുകുമയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് അകത്തേത്തറ ധോണി പയറ്റാംകുന്ന് ഫസ്റ്റ്ലൈൻ ഇ എം എസ് നഗറിൽ ദാറുസലാം വീട്ടിലെ എസ് മുഹമ്മദ് ഹക്കീം വീരമൃത്യു വരിച്ചത് . സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടന്നു . മൃതദേഹം പാലക്കാട് ധോണി ഉമ്മിണി സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് സംസ്കാരം നടന്നത്.
ഭാര്യ റംസീനയും മകൾ അഫ്ഷിൻ ഫാത്തിമയും അവസാനമായി ഹക്കീമിന് സല്യൂട്ട് നൽകി. ആർപിഎഫിന്റെ കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട് ആക്ഷൻ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം. ഛത്തീസ്ഗഢിൽനിന്ന് സിആർപിഎഫിന്റെ പ്രത്യേക വിമാനത്തിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഇന്നലെ തന്നെ ആംബുലൻസിൽ പാലക്കാട്ടെ വീട്ടിലെത്തിച്ചിരുന്നു.
ഇന്ന് രാവിലെ എട്ടുവരെ വീട്ടിലും ശേഷം ധോണി ഉമ്മിണി സ്കൂളിലും പൊതുദർശനത്തിന് വച്ചു. സംസ്ഥാന സർക്കാരിന്റെയും സിആർപിഎഫിന്റെയും ഔദ്യോഗിക ബഹുമതിയായ ഗാർഡ് ഒഫ് ഓണർ നൽകിയ ശേഷം സംസ്കാരം നടന്നു.