വിവാഹ തട്ടിപ്പ് വീരനായ സൈനികന്‍ മൂന്നാം വിവാഹത്തില്‍ കുടുങ്ങി

മഹാരാഷ്ട്രയില്‍ നിന്നുള്ള സി.ആര്‍.പി.എഫ് സൈനികന്റെ തട്ടിപ്പാണ് മൂന്നാം വിവാഹത്തില്‍ കഴിഞ്ഞദിവസം പുറത്തായത്. ഇയാള്‍ ആദ്യത്തെ രണ്ട് വിവാഹങ്ങളും മറച്ചു വെച്ചാണ് കല്യാണത്തിന് തയ്യാറെടുത്തത്. എന്നാല്‍ ഇയാളുടെ രണ്ട് വിവാഹങ്ങളും പുറത്തറിഞ്ഞതോടെ മൂന്നാം ഭാര്യ പരാതിയുമായി സമീപിച്ചെങ്കിലും താന്‍ മറ്റു രണ്ടു പേരെ വിവാഹം കഴിച്ചില്ലെന്നായിരുന്നു സൈനികന്റെ മറുപടി. യുവതി ഭോപാല്‍ പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ താന്‍ യഥാര്‍ഥത്തില്‍ വിവാഹം കഴിച്ചതല്ലെന്നും വിവാഹത്തിന്റെ റിഹേഴ്സലില്‍ പങ്കെടുക്കുകയായിരുന്നുമെന്നാണ് സൈനികന്‍ പറയുന്നത്. റിഹേഴ്സല്‍ ആയതിനാല്‍ വരന്റെ വേഷം അണിഞ്ഞതാണെന്നും സംഭവങ്ങളൊന്നും ഗൗരവത്തിലായിരുന്നില്ലെന്നും സൈനികന്‍ പറഞ്ഞു.

‘ഫെയ്സ് ബുക്കിലൂടെയാണ് അദ്ദേഹം എന്നെ പരിചയപ്പെടുന്നതും വിവാഹാഭ്യര്‍ഥന നടത്തുന്നതും. 2014 ഭോപാലില്‍ വച്ചു വിവാഹം നടന്നു. ഇപ്പോള്‍ സൈനികന്‍ ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ മഹാരാഷ്ട്രയിലെ കുടുംബവീട്ടിലും കൊണ്ടുപോയിട്ടുണ്ട്- യുവതി പറഞ്ഞു. ഞാന്‍ അദ്ദേഹത്തിനൊപ്പം ഡല്‍ഹിയിലും താമസിച്ചിട്ടുണ്ട്. പക്ഷേ, ജൂലൈയില്‍ അദ്ദേഹത്തിന്റെ ആദ്യവിവാഹങ്ങളെക്കുറിച്ച് അറിഞ്ഞു. ഡല്‍ഹിയില്‍ നിന്നുതന്നെയുള്ള രണ്ടാം ഭാര്യ എന്നെ വിളിക്കുകയും സൈനികന്റെ തട്ടിപ്പുകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ മനസ്സിലായത്’- യുവതി പറയുന്നു.

Loading...

എന്നാല്‍ സൈനികന്റെ വീട്ടുകാര്‍ക്കും ഈ കള്ളത്തരത്തില്‍ പങ്കുണ്ടെന്നാണ് യുവതി ആരോപിക്കുന്നത്. തന്നെയും കൊണ്ട് അയാള്‍ കുടുംബവീട്ടില്‍ പോയിരുന്നെങ്കിലും ആരും ഇയാളുടെ മുന്‍ ഭാര്യമാരെ കുറിച്ച് പറഞ്ഞിരിന്നില്ല. 2008 ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹം. മഹാരാഷ്ട്രയില്‍നിന്നുള്ള യുവതിയെയാണ് വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ കുട്ടികളുമുണ്ട്.

സൈനികന്റെ ആദ്യ ഭാര്യയെ കണ്ടപ്പോള്‍ അവരും സൈനികന് അനുകൂലമായാണ് സംസാരിച്ചതെന്നും യുവതി ആരോപിക്കുന്നു. വിവാഹത്തട്ടിപ്പിനു പുറമെ സാമ്പത്തിക തട്ടിപ്പും സൈനികന്‍ നടത്തിയതായും യുവതി ആരോപിക്കുന്നു. വിവാഹ സമയത്ത് തന്റെ കുടുംബത്തില്‍നിന്നും 10 ലക്ഷം രൂപയാണ് സൈനികന്‍ വാങ്ങിച്ചത്. മൂന്നു ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെട്ട് സ്വന്തമാക്കിയിരുന്നു. ഇതിനുശേഷവും സ്ത്രീധനം അവശ്യപ്പെട്ട് തന്നെ മര്‍ദിക്കാറുണ്ടായിരുന്നെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് കോലാര്‍ പൊലീസ് പറയുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വെളിപ്പെടുത്തുന്നു. തന്നെ ഭാര്യയായി അംഗീകരിക്കാത്ത സൈനികന്റെ പേരില്‍ യുവതി കുടുംബകോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. സൈനികനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നാണ് കുടുംബകോടതിയിലെ കൗണ്‍സലര്‍ പറയുന്നത്.