മദ്യപിക്കാന്‍ പണം നല്‍കിയില്ല… മകന്‍ അച്ഛനെ കൊന്നു

ചങ്ങനാശേരി: മദ്യപിക്കാന്‍ പണം നല്‍കാതിരുന്ന അച്ഛനെ മകൻ തല ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തി.പായിപ്പാട്ടാണ് സംഭവം. വാഴപ്പറമ്പിൽ തോമസ് വർക്കിയാണ് എന്ന കുഞ്ഞപ്പനാണ് മരിച്ചത്. മകന്‍ അനി എന്ന ജോസഫ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മരണം നടന്ന ദിവസം കുഞ്ഞപ്പന്‍ ബാങ്കില്‍ നിന്നും 1000 രൂപ പിന്‍വലിച്ചിരുന്നു. ഇതില്‍ നിന്നും 200 രൂപ വീതം അനിക്കും സഹോദരന്‍ സിബിക്കും കുഞ്ഞപ്പൻ നൽകി.

Loading...

എന്നാല്‍ രാത്രി വീട്ടിലെത്തിയ അനി വീണ്ടും 100 രൂപ കൂടി ആവശ്യപ്പെട്ട് കുഞ്ഞപ്പനുമായി വഴക്കുണ്ടാക്കുകയായിരുന്നു. കുഞ്ഞപ്പനെ അനി തറയിൽ ഇട്ടു ചവിട്ടുകയും ഉപദ്രവിക്കുകയും ഭിത്തിയിലേക്ക് പിടിച്ച് തള്ളുകയും ചെയ്തു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ് തളര്‍ന്ന് വീണ ഇയാളെ കട്ടിലില്‍ കിടത്തി മകന്‍ കിടന്നുറങ്ങുകയും പിറ്റേന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നും പോകുകയും ചെയ്തു.

രാവിലെ വീട്ടില്‍ ആളനക്കമില്ലാത്തതില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ മരിച്ച നിലയില്‍ കുഞ്ഞപ്പനെ കണ്ടെത്തിയത്. തലയ്ക്ക് പിറകില്‍ രക്തം കട്ടപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമെന്നു തെളിഞ്ഞു.