മലപ്പുറം: ജീവനോടെയുള്ള മാതാവിന് കുഴിമാടം ഒരുക്കി മകന്. സംഭവം വിവാദമായതോടെ മകനെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന് പോലീസിനോട് നിര്‍ദ്ദേശിച്ചു. എഴുപതു വയസുള്ള മണ്ണുപറമ്പില്‍ ഫാത്തിമയ്ക്കാണ് മകനില്‍ നിന്നും ഇത്തരം ഒരനുഭവം നേരിടേണ്ടി വന്നത്. ഫാത്തിമയുടെ മൂത്തമകനും പൊതുമേഖലാ ടെലികോം കമ്പനിയിലെ എന്‍ജിനീയറുമായ സിദ്ധിഖാണ് അമ്മയ്ക്കായി കുഴിമാടം ഉണ്ടാക്കിയത്.
മകന് മാതാവിന് വേണ്ടി കുഴിമാടം ഒരുക്കിയതിന് പിന്നില്‍ സ്വത്ത് തര്‍ക്കം ആണെന്നാണ് വിവരം. സ്വത്ത് തനിക്ക് നല്‍കാതെ സഹോദരനും അമ്മാവനും ചേര്‍ന്ന് തട്ടിയെടുത്തെന്ന് ഇയാള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് അമ്മയ്ക്ക് ഇയാള്‍ കുഴിമാടം നിര്‍മ്മിച്ചത്. ഖബറില്‍ സ്ഥാപിക്കാനുള്ള മീസാന്‍ കല്ലും ഇയാള്‍ കുഴിക്ക് സമീപം കരുതിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ മാതാവിന് വേണ്ടി കുഴിമാടം ഒരുക്കിയത്. ഇതിന് സമീപത്തായി മാതാവിന് വേണ്ടിയാണെന്നു കാട്ടിയുള്ള ബോര്‍ഡും ഇയാള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ബോര്‍ഡ് പിന്നീട് ഇയാള്‍ തന്നെ നീക്കം ചെയ്തു. സംഭവത്തില്‍ പരാതിയുമായി മാതാവ് കമ്മിഷനെ സമീപിച്ചതോടെ കുഴി മൂടാന്‍ നിര്‍ദ്ദേശിച്ചെങ്കിലും സിദ്ധിഖ് അതിന് തയാറായില്ല. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.