കോട്ടയം: പാമ്പാടി രാജീവ്‌ ഗാന്ധി ടെക്‌നോളജി ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ രജതജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യാന്‍ 30ന്‌ എത്തുന്ന കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി നാട്ടകം ഗസ്‌റ്റ്‌ഹൗസില്‍ യു.ഡി.എഫ്‌. നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി രജത ജൂബിലി ആഘോഷ ചടങ്ങിലേയ്‌ക്കു സോണിയാ ഗാന്ധിയെ ക്ഷണിച്ചത്‌ പ്രോട്ടോകോള്‍ നോക്കിയല്ല. പ്രോട്ടോകോളിനും അതീതമായ ചടങ്ങാണിത്‌. രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടശേഷം അദേഹത്തിന്റെ പേരില്‍ ഇന്ത്യയില്‍ ആദ്യം തുടങ്ങിയ സ്‌ഥാപനമാണു പാമ്പാടി ആര്‍.ഐ.ടി. ഇത്‌ മുന്‍നിര്‍ത്തിയാണ്‌ സോണിയാഗാന്ധിയെ ഉദ്‌ഘാടനത്തിനായി ക്ഷണിച്ചിരിക്കുന്നത്‌. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രാജീവ്‌ ഗാന്ധിയുടെ വിധവ ഈ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ രാജ്യത്തിന്‌ സമര്‍പ്പിക്കണമെന്ന്‌ നാട്‌ ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം കലക്‌ടറേറ്റിന്‌ സമീപത്തെ ഹെലിപാഡില്‍ ഇറങ്ങുന്ന സോണിയാ ഗാന്ധി ഉച്ചയ്‌ക്ക്‌ പന്ത്രണ്ടോടെ ഗസ്‌റ്റ്‌ ഹൗസിലെത്തും. 2.30 വരെയുള്ള സമയങ്ങളില്‍ ഘടകകക്ഷികളിലെ പ്രധാന നേതാക്കളുമായി വെവ്വേറെയായിരിക്കും ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.