എസ്.പി.ജി സുരക്ഷ മാത്രമല്ല സോണിയാ ഗാന്ധിയുടെ ബുള്ളറ്റ് പ്രൂഫ് കാറുകളും പിന്‍വലിച്ചു, നല്‍കിയത് 10 വര്‍ഷം പഴക്കമുള്ള ടാറ്റാ സഫാരികള്‍

ന്യൂഡല്‍ഹി : എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ സോണിയാ ഗാന്ധിക്ക് അനുവദിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറുകളും പിന്‍വലിച്ചു. 10 വര്‍ഷം പഴക്കമുള്ള ടാറ്റ സഫാരി കാറുകളും പോലീസ് സുരക്ഷയുമാണ് ഇപ്പോള്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്.

സോണിയയ്ക്കും മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിക്കുമായി നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണമുള്ള സെഡ് പ്ലസ് കാറ്റഗറിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മുന്‍പ് മൂവായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു എസ്പിജി പ്രകാരം ഉണ്ടായിരുന്നത്.

Loading...

മുന്‍പുണ്ടായിരുന്ന പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്കു പകരമാണ് ഇപ്പോള്‍ 2010 മോഡല്‍ ടാറ്റ സഫാരികള്‍ നല്‍കിയിരിക്കുന്നത്. എസ്.പി.ജി സുരക്ഷയുള്ള സമയം സോണിയയും പ്രിയങ്കയും റേഞ്ച് റോവറുകളും രാഹുലിന് ഫോര്‍ച്യുണറുമായിരുന്നു ഉണ്ടായിരുന്നത്.

സെഡ് പ്ലസ് കാറ്റഗറി പ്രകാരം ദല്‍ഹി പൊലീസിലാണ് സോണിയയുടെ രാഹുലിന്റെയും പ്രിയങ്കയുടെയും വീടുകളുടെ സുരക്ഷാച്ചുമതലയുള്ളത്.

കമാന്‍ഡോ സുരക്ഷ മാത്രമല്ല, സെഡ് കാറ്റഗറി ലഭിക്കുന്ന വി.വി.ഐ.പികള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലം നേരത്തേ തന്നെ സൂക്ഷ്മമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതും എസ്.പി.ജിയുടെ പ്രത്യേകതയാണ്. മാത്രമല്ല, വി.വി.ഐ.പികളുടെ വീടുകളില്‍ 24 മണിക്കൂറും എസ്.പി.ജികള്‍ ഉണ്ടാകും. അവര്‍ക്കൊപ്പം യാത്രകളിലും ഭാഗമാകും.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 ല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് നിലവിലുള്ള ഏറ്റവും വലിയ സുരക്ഷ നെഹ്‌റു കുടുംബത്തിന് ഏര്‍പ്പെടുത്തി തുടങ്ങിയത്.

കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു സോണിയാ ഗാന്ധിയുടേയും രാഹുലിന്റെയും പ്രിയങ്കയും എസ്.പി.ജി സുരക്ഷ കേന്ദ്രം എടുത്തുകളഞ്ഞത്. സി.ആര്‍.പി.എഫിന്റെ സെഡ്പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ ഗാന്ധികുടുംബത്തിനുള്ളത്

മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിന്റെ സുരക്ഷയും നേരത്തേ കുറച്ചിരുന്നു. അദ്ദേഹത്തിന്റെ സായുധ സംവിധാനമുള്ള കാര്‍ മാറ്റി ഇപ്പോള്‍ ബി.എം.ഡബ്ലു കാറാണു നല്‍കിയിരിക്കുന്നത്.

കേന്ദ്ര തീരുമാനത്തിന് പിന്നാലെ തന്റെ കുടുംബത്തിന് ഇതുവരെ നല്‍കിയ സുരക്ഷയ്ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി.

എസ്.പി.ജി അധ്യക്ഷന്‍ അരുണ്‍ സിന്‍ഹയോടാണ് സോണിയ നന്ദി പറഞ്ഞത്. കുടുംബത്തിന് സുരക്ഷ നല്‍കാന്‍ എസ്.പി.ജി കാണിച്ച സമര്‍പ്പണത്തിനും ഔചിത്യത്തിനും നന്ദിയെന്നായിരുന്നു സോണിയ പറഞ്ഞത്.

സുരക്ഷയില്‍ കുടുംബത്തിന് വലിയ ധൈര്യവും ആത്മവിശ്വാസവുമായിരുന്നെന്നും സോണിയ പറഞ്ഞു. എസ്.പി.ജിയെ കരുത്തുറ്റ സൈന്യമെന്നാണ് സോണിയ വിശേഷിപ്പിച്ചത്.
ഞങ്ങളുടെ സുരക്ഷ എസ്.പി.ജി ഏറ്റെടുത്തതുമുതല്‍ എനിക്കും കുടുംബത്തിനുമ വലിയ ധൈര്യവും ആത്മവിശ്വാസവുമാണ് അനുഭവപ്പെട്ടത്.

ഞങ്ങള്‍ ഏറ്റവും മികച്ച കൈകളിലായിരുന്നു. ഈ 28 വര്‍ഷത്തിലെ എല്ലാ ദിവസവും എസ്.പി.ജിയുടെ മികച്ച പ്രൊഫഷണലിസവും ജോലിയോടുള്ള സമര്‍പ്പണവും സത്യസന്ധതയുമാണ് ഞങ്ങള്‍ കണ്ടത്’, സോണിയ എസ്.പി.ജിക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

‘എസ്.പി.ജി ഒരു മികച്ച സൈന്യമാണ്. അതിലെ ഓരോ വ്യക്തിയും ധൈര്യംകൊണ്ടും ദേശസ്നേഹംകൊണ്ടും നിറഞ്ഞവരാണ്. എന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും വേണ്ടി, ഞാന്‍ നിങ്ങളെ അതീവ നന്ദിയും സ്നേഹവും അറിയിക്കുന്നു. നിങ്ങളുടെ സമര്‍പ്പണത്തിനും
ഔചിത്യത്തിനും സഹകരണത്തിനും നന്ദി’, സോണിയ എഴുതി.

തനിക്കും കുടുംബാംഗങ്ങള്‍ക്കും ഇത്രനാള്‍ സുരക്ഷ നല്‍കിയ എസ്.പി.ജി അംഗങ്ങള്‍ക്കു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നന്ദി പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്

ഇനിമുതല്‍ നെഹ്‌റു കുടുംബത്തിനു പ്രത്യേക പരിശീലനം ലഭിച്ച സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയായിരിക്കും നല്‍കുക. മൂവരുടേയും ജീവന് നിലവില്‍ നേരിട്ട് ഭീഷണിയില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.