സ്വപ്‌ന സുരേഷിനെ അറിയാം: പല പ്രശ്നങ്ങൾക്കും മലയാളി ഉദ്യോഗസ്ഥയെന്ന നിലയിൽ അവരെ വിളിച്ചിരുന്നു: സ്വര്‍ണക്കടത്ത് പ്രതീക്ഷിച്ചില്ലെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍

മലപ്പുറം: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന ആരോപണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്‌ന സുരേഷിനെ അറിയുന്നതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്തുള്ള കാർബൺ ഡോക്ടർ എന്ന സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്വപ്ന സുരേഷ് നേരിട്ടെത്തി ക്ഷണിച്ചിരുന്നു. കറയുള്ള കണ്ണുകൾ കൊണ്ട് നോക്കുമ്പോഴാണ് ആ ദൃശ്യങ്ങളിൽ പ്രശ്നം തോന്നുന്നതെന്നും സ്പീക്കർ.

ഒരു സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന് അവര്‍ തന്നെ ക്ഷണിച്ചിരുന്നു. അവരുടെ ബന്ധുവിന്റെ കട എന്നു പറഞ്ഞാണ് ക്ഷണിച്ചത്. വളരെ നിര്‍ബന്ധിച്ചപ്പോഴാണ് ഉദ്ഘാടനച്ചടങ്ങിന് പോയത്. ഇതിന് ഇപ്പോഴത്തെ സംഭവവുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് യുക്തിരഹിതമാണെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. യുഎഇ കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് ഞങ്ങളെല്ലാവരുമായി ബന്ധപ്പെട്ടിരുന്നത്. സര്‍ക്കാര്‍ പ്രതിനിധികളെ ആഘോഷച്ചടങ്ങുകള്‍ക്കും മറ്റും ക്ഷണിക്കുന്നത് അവരാണ്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മലയാളി ഉദ്യോഗസ്ഥ എന്ന നിലയില്‍ അവരുമായി ഇടപെട്ടിരുന്നു. അങ്ങനെയാണ് അവരുമായി പരിചയമെന്നും സ്വപ്ന സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Loading...

യുഎഇ കോൺസുലേറ്റിന്‍റെ പ്രസ് സെക്രട്ടറിയായിരുന്ന ഇവരാണ് യുഎഇ ദിനാഘോഷത്തിനും ഇഫ്താർ വിരുന്നിനും ക്ഷണിച്ചിരുന്നു. മറ്റൊരു രാജ്യത്തിന്‍റെ പ്രതിനിധിയെന്ന നിലയിൽ ആ ബഹുമാനം അവ‍‍ർക്ക് നൽകിയിരുന്നു. ഡിപ്ലോമാറ്റാണെന്ന് കരുതിയതിനാൽ പശ്ചാത്തലം അന്വേഷിച്ചതുമില്ല. പ്രവാസികളുടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട ഡബിൾ വെരിഫിക്കേഷൻ സംബന്ധിച്ചുള്ള പല പ്രശ്നങ്ങൾക്കും മലയാളി ഉദ്യോഗസ്ഥയെന്ന നിലയിൽ അവരെ വിളിച്ചിരുന്നുവെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കുന്നു. കേസിൽ എല്ലാ തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും, ലോകകേരളസഭയുമായി സ്വപ്ന സുരേഷിന് ബന്ധമുണ്ടെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കുന്നു. സ്പീക്കറും സ്വപ്ന സുരേഷും പങ്കെടുത്ത കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു.