ദില്ലി:സംസ്ഥാന സർക്കാരിന്റെ ആവശ്യ പ്രകാരമുള്ള പ്രത്യേക ട്രയിൻ വൈകീട്ട് ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കും. യാത്രക്കാരുടെ പരിശോധന ദില്ലിയിലെ വിവിധ സ്‌ക്രീനിംഗ് സെന്ററുകളിൽ പുരോഗമിക്കുന്നു. വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പ്രഥമ പരിഗണന നൽകിയാണ് സർക്കാർ ട്രയിൻ ഏർപ്പാടാക്കിയത്. ആകെ 1304 പേരാണ് യാത്രക്കാരാണ് ഉണ്ടാവുക. ദില്ലിയെ കൂടാതെ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികളും ട്രയിനിൽ ഉണ്ടാകും.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകിട്ട് ആറിനാണ് നോൺ എ സി ട്രെയിൻ യാത്ര പുറപ്പെടുക.ഇതിന് മുന്നോടിയായി യാത്രക്കാരുടെ പരിശോധനാ പുരോഗമിക്കുകയാണ്. പന്ത്രണ്ട് സ്ക്രീനിംഗ് കേന്ദ്രങ്ങളാണ് ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ ഇതിനായി സജ്ജമാക്കിയത്. യുപി, ജമ്മു കാശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് വന്നവരുടെ പരിശോധന ദില്ലി കാനിംഗ് റോഡിലുള്ള കേരളാ സ്‌കൂളിലാണ് പുരോഗമിക്കുന്നത്. ദില്ലിയിലെ താമസക്കാരായ യാത്രക്കാരുടെ സ്‌ക്രീനിംഗ് ജിലാടിസ്ഥാനത്തിൽ 11 കേന്ദ്രങ്ങളിലായും തുടരുന്നു.
സ്‌ക്രീനിംഗ് പൂർത്തിയാക്കി യാത്രക്കാരെ ബസുകളിൽ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. നാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നതിന്റെ ആശ്വാസത്തിലാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ആകെ 1304 യാത്രക്കാരാണ് ഉള്ളത്. ഇതിൽ 971 പേർ ദില്ലിയിൽ നിന്നും 333 പേർ യുപി, ജമ്മു കാശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുമാണ്. കേരളത്തിൽ 5 സ്റ്റോപ്പുകളാണ് നിശ്ചയിച്ചിട്ടുള്ളത്. വെള്ളിയാഴ്ച കേരളത്തിൽ എത്തുന്ന ട്രെയിൻ കോഴിക്കോട്, തൃശൂർ,എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നീ സ്റ്റേഷമുകളിൽ ട്രയിൻ നിർത്തും. ജലന്ധർ, ജയ്‌പൂർ എന്നിവിടങ്ങളിൽ നിന്നും മലയാളികളെയും കൊണ്ടുള്ള രണ്ട് ട്രയിനുകളും കേരളത്തിലേക്ക് യാത്ര പുറപ്പെട്ട് കഴിഞ്ഞു. ജലന്ധർ ട്രെയിൻ ഇന്നലെ രാത്രിയും ജയ്‌പൂരിൽ നിന്നുള്ള ട്രെയിൻ ഇന്ന് ഉച്ചയ്ക്കുമാണ് യാത്ര ആരംഭിച്ചത്. ഈ ട്രെയിനുകളും വെള്ളിയാഴ്ച കേരളത്തിലെത്തും.