ചിലന്തിയുടെ കടിയേറ്റ യുവാവിന് ചലനശേഷി നഷ്ടമായി

ഹാംപ്ഷെയര്‍: ചിലന്തിയുടെ കടിയേറ്റ് യുവാവിന്‍റെ ചലനശേഷി നഷ്ടമായി. കിടപ്പുമുറിയിലെ കര്‍ട്ടനിലിരുന്ന ചെറിയ ചിലന്തിയാണ് യുവാവിനെ കടിച്ചത്.

ഉറക്കത്തിനിടയില്‍ യുവാവ് എന്തോ കടിച്ചത് അറിഞ്ഞിരുന്നു. എന്നാല്‍ അതിനെ കാര്യമായി എടുക്കാതിരുന്നതാണ് പ്രശ്നമായത്.

Loading...

രണ്ട് ദിവസം കഴിഞ്ഞതോടെ തുടയില്‍ മൂന്നിടത്തായി ചുവന്ന് തടിക്കാന്‍ തുടങ്ങി. താമസിയാതെ മുറിവുകള്‍ പഴുക്കാന്‍ തുടങ്ങി. ഇതോടെ യുവാവ് ചികിത്സ തേടി. പക്ഷേ എന്താണ് യുവാവിന്‍റെ ശരീരത്തിലെത്തിയ വിഷമെന്ന് കണ്ടെത്താന്‍ പരിശോധിച്ചവര്‍ക്കും സാധിച്ചില്ല. പിന്നീടാണ് വീട്ടില്‍ ചിലന്തിയുടെ സാന്നിധ്യത്തെക്കുറിച്ച് യുവാവ് വ്യക്തമാക്കിയത്.

പിന്നാലെ യുവാവിന്‍റെ ഏഴുവയസുകാരനായ കുഞ്ഞിനും സമാനമായ മുറിവുകള്‍ കണ്ടെത്തി. വീട് അരിച്ച് പെറുക്കുന്നതിന് ഇടയിലാണ് സ്റ്റീറ്റോഡ നൊബിലിസ് ഇനത്തില്‍പ്പെട്ട ചിലന്തിയെ പിടികൂടുന്നത്. യുവാവിനേയും കുഞ്ഞിനേയും കടിച്ചത് ചിലന്തിയാണെന്ന് ഇതോടെ വ്യക്തമായി. മുറിവുകള്‍ അസഹ്യമായ വേദനയും പുകച്ചിലുമാണ് അനുഭവപ്പെടുന്നതെന്നും യുവാവ് പറയുന്നു. വീടുകളില്‍ സാധാരണമായി കാണുന്നയിനം ചിലന്തിയില്‍ നിന്നാണ് യുവാവിന് കടിയേറ്റത്.

എന്നാല്‍ യുവാവിന്‍റെ ശരീരത്തിലെ മുറിവുകള്‍ ദിവസങ്ങള്‍ നീണ്ടുനിന്ന ചികിത്സയില്‍ ഭേദമായില്ലെന്ന് മാത്രമല്ല, യുവാവ് നടക്കാന്‍ കഴിയാത്ത അവസ്ഥയിലായി. മുറിവുകള്‍ ഉണങ്ങാതെ കാലില്‍ ഉടനീളം പടരാനും തുടങ്ങിയതോടെ യുവാവും ആശങ്കയിലാണുള്ളത്.