കായികതാരം ബോബി അലോഷ്യസിന്റെ വിവാദ വിദേശ യാത്രകളിൽ അന്വേഷണം: അന്വേഷണം നീട്ടിക്കൊണ്ടു പോയി കാലതാമസം ഉണ്ടാക്കരുതെന്ന് കായികമന്ത്രി ഇപി ജയരാജൻ

തിരുവനന്തപുരം: കായികതാരം ബോബി അലോഷ്യസിന്റെ വിവാദ വിദേശ യാത്രകളിൽ അന്വേഷണം. വിദേശ യാത്രകളിൽ കായികമന്ത്രി ഇപി ജയരാജൻ അന്വേഷണത്തിന് ഉത്തരവിട്ടു. കായികതാരം ബോബി അലോഷ്യസ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ദുരുപയോഗം ചെയ്ത വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിഷയം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അന്വേഷണം നീട്ടിക്കൊണ്ടു പോയി കാലതാമസം ഉണ്ടാക്കരുതെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ബിഎസ്‌സി സ്‌പോർട്‌സ് സയൻസ് പഠിക്കാനായാണ് കേന്ദ്രവും സംസ്ഥാനവും ഫണ്ട് നൽകി ബോബി അലോഷ്യസിനെ ലണ്ടനിലേക്ക് അയച്ചത്.
2003ൽ 15 ലക്ഷം രൂപയാണ് കേരള സർക്കാർ ഇവർക്ക് നൽകിയത്. കേന്ദ്ര സർക്കാർ 34 ലക്ഷം രൂപയോളം ഇവർക്ക് നൽകി. ബിഎസ്‌സി സ്‌പോർട്‌സ് സയൻസ് പൂർത്തിയാക്കി തിരികെ വന്ന് കുട്ടികൾക്ക് പരിശീലനം നൽകണമെന്നായിരുന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശം. ഇത് മറികടന്നാണ് ഇവർ കമ്പനി രൂപീകരിച്ചത്.

Loading...

ലണ്ടനിൽ എത്തിയ ബോബി അലോഷ്യസ് പഠനം നടത്താതെ ലണ്ടനിൽ ഒരു സ്വകാര്യ സ്ഥാപനം ആരംഭിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. മുൻപ് പലതവണ ഈ ആരോപണം ഉയർന്നപ്പോഴും ഇതിനെ നിരാകരിച്ച് ഇവർ രംഗത്തെത്തിയിരുന്നു. യുകെ സ്റ്റഡി അഡ്‌വൈസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഷേർസ്ഷ്വറിയിൽ ഇവർ ആരംഭിച്ചത്. രേഖകൾ പ്രകാരം ബോബി അലോഷ്യസ് തന്നെയാണ് കമ്പനിയുടെ സെക്രട്ടറി. ഇതുവഴി സംസ്ഥാന, കേന്ദ്ര സർക്കാരുടെ കബളിപ്പിക്കുകയും ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ ഇവർ സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തു. ഭർത്താവിനെ പരിശീലകൻ എന്ന് പരിചയപ്പെടുത്തിയാണ് ഇവർ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയത്.