സ്പ്രിംഗ്ളർ വിവാദം: പ്രതിപക്ഷം വിവാദമുയർത്തുമ്പോൾ മറുപടി കൊടുക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത് ക്ഷീണമായെന്ന് സിപിഎം

തിരുവനന്തപുരം: പ്രതിപക്ഷം സ്പ്രിംഗ്ളർ വിവാദത്തിൽ നിലപാട് കടുപ്പിക്കുമ്പോള്‍ കൃത്യമായ മറുപടി കൊടുക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത് ക്ഷീണമായെന്ന് സിപിഎം വിലയിരുത്തൽ. കൂട്ടായ ആലോചനയില്ലാതെ ഐടി വകുപ്പെടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടെങ്കിലും, മുഖ്യമന്ത്രിക്ക് പിന്തുണ കൊടുക്കാനാണ് നേതാക്കളുടെ പൊതുതീരുമാനം. ഇടതുമുന്നണി സംസ്ഥാന നേതൃത്വത്തിനും ഇതേ വിലയിരുത്തലാണ്.

ഡാറ്റ കൈമാറ്റം, സ്വകാര്യതാ സംരക്ഷണം എന്നീ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുള്ള സിപിഎമ്മും സിപിഐയും വളരെ ഗൗരവത്തോടെയാണ് ഇക്കാര്യം കാണുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി വകുപ്പിനില്ലാത്ത സൗകര്യങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനി സൗജന്യമായി നല്‍കുമ്പോള്‍ അവര്‍ക്കെന്ത് ലാഭമെന്ന ചിന്ത സ്വാഭാവികമാണ്. ഡാറ്റാ കച്ചവടമെന്ന പ്രതിപക്ഷാരോപണം ഇവിടെയാണ് പ്രസക്തമാകുന്നത്. ആരോഗ്യവകുപ്പോ, തദ്ദേശസ്വയംഭരണവകുപ്പോ, മറ്റ് മന്ത്രിമാരോ ഒന്നും ഇതറിഞ്ഞിട്ടില്ല. എന്നാല്‍ വീണ് കിട്ടിയ അവസരം പരമാവധി മുതലാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് പ്രതിപക്ഷം. പതിവ് വാര്‍ത്താസമ്മേളനങ്ങളില്‍ തലനാരിഴ കീറി വിവരങ്ങള്‍ പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ ഒഴിഞ്ഞു മാറിയതെന്ന ചിന്ത സിപിഎം – എല്‍ഡിഎഫ് കേന്ദ്രങ്ങളെ അലട്ടുന്നുണ്ട്. തന്‍റെ വലം കൈയായ ഐടി സെക്രട്ടറിക്ക് തെറ്റ് പറ്റിയോ എന്ന സംശയം മുഖ്യമന്ത്രിയുടെ വാക്കുകളില്‍ തന്നെയുണ്ടോ എന്ന തോന്നലും സജീവമാണ്.

Loading...

ഇതില്‍ ചോരാനെന്തിരിക്കുന്നു എന്ന ദുര്‍ബലചോദ്യങ്ങളുയര്‍ത്തുന്ന മന്ത്രിമാര്‍ക്ക് പലതുമുണ്ടെന്ന മറുപടിയാണ് പ്രതിപക്ഷത്തിനുള്ളത്. ഐടി സെക്രട്ടറിയിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് പ്രതിപക്ഷം നീങ്ങുമ്പോള്‍ ധാര്‍മികവും പ്രത്യയശാസ്ത്രപരവുമായ വിഷയമായി കൂടി സ്പ്രിംഗ്ലര്‍ വിവാദം കത്തികയറും. അതേസമയം കോവിഡ്19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കും കൈമാറില്ലെന്നാണ് ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കരൻ പറഞ്ഞത്. സ്വകാര്യ വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചിതായും അദ്ദേഹം പറഞ്ഞു ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും. ഇക്കാര്യം കസ്റ്റമൈസേഷന്‍ കരാറിലും ഉണ്ടെന്ന് ഐടി വകുപ്പ് സെക്രട്ടറി പറഞ്ഞു. കോവിഡ്19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിം​ഗ്ളറിന്റെവെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് ഡേറ്റ പുറത്ത് പോകാന്‍ കാരണമാകുമെന്നും ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ആദ്യം ഇക്കാര്യം നിഷേധിച്ച സര്‍ക്കാര്‍ പിന്നീട് സ്പ്രിം​ഗ്ളര്‍ സൈറ്റില്‍ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ സൈറ്റിലേക്ക് നല്‍കിയാല്‍ മതിയെന്നും നിര്‍ദേശം നല്‍കി.