ശ്രീചക്ര ഡിസ്റ്റിലറിയ്ക്ക് പിന്നില്‍ സിനിമ, സീരിയല്‍ നടനും ?

കൊച്ചി : സര്‍ക്കാര്‍ അനുമതി റദ്ദാക്കിയെങ്കിലും ബ്രൂവറി, ഡിസിറ്റിലറി വിവാദം കെട്ടടങ്ങുന്നില്ല. എന്നുമാത്രമല്ല ഇതുസംബന്ധിച്ച വിവാദം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇരിങ്ങാലക്കുടയില്‍ ഡിസ്റ്റിലറി അനുവദിച്ചുകിട്ടിയ ശ്രീചക്ര ഡിസ്റ്റിലറീസ് എന്ന കടലാസുസ്ഥാപനത്തിനുപിന്നില്‍ സിനിമ, സീരിയല്‍ രംഗത്തെ നടനും ഗോവയില്‍നിന്നുള്ള നിക്ഷേപവുമെന്നാണ് റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ രണ്ട് ഉന്നത നേതാക്കളുമായി വ്യക്തി ബന്ധമുള്ള നടന് ശ്രീചക്ര ഉടമകളുമായും അടുത്ത ബന്ധമാണുള്ളതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗോവയില്‍നിന്നു വില കുറഞ്ഞ മദ്യം കേരളത്തിലേക്കു കടത്തിയ കേസില്‍ നടനെതിരെ എക്‌സൈസ് അന്വേഷണം നടത്തിയിരുന്നു. ചാലക്കുടിപ്പുഴയുടെ തീരത്താണു ഡിസ്റ്റിലറിക്കുള്ള ഭൂമി കണ്ടെത്തിയതെന്നാണു സൂചന. ഭൂമിയുണ്ടോ എന്നതുപോലും പരിശോധിക്കാതെ തൃശൂര്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ ശ്രീചക്രയ്ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത് ഉന്നത രാഷ്ട്രീയസമ്മര്‍ദത്തെ തുടര്‍ന്നാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വിദേശത്തേക്കു മദ്യം കയറ്റുമതി ചെയ്യാന്‍ ഡിസ്റ്റിലറി തുടങ്ങാനായിരുന്നു ശ്രീചക്രയുടെ അപേക്ഷ. ഗോവയില്‍ ഇവര്‍ക്കു ഡിസ്റ്റിലറി ഉണ്ടെന്നും അവിടെനിന്നുള്ള മദ്യമാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നതെന്നുമാണ് എക്‌സൈസ് കമ്മിഷണര്‍ ഫയലില്‍ കുറിച്ചത്. ബിവറേജസ് കോര്‍പറേഷനിലെ മുന്‍ ഉദ്യോഗസ്ഥനാണ് ശ്രീചക്രയുടെ തലപ്പത്തുള്ളത്. ഗോവയില്‍ നിന്ന് എത്തിക്കുന്ന വിലകുറഞ്ഞ മദ്യം ഇടകലര്‍ത്തി വില്‍പന നടത്തിയ സംഭവത്തില്‍ ഇയാള്‍ക്കു പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു.

സംഭവത്തെ കുറിച്ചുള്ള തുടരന്വേഷണത്തിലാണ് നടന്റെ തൃശൂരിലെ വീട്ടില്‍നിന്നും വില കുറഞ്ഞ ഗോവന്‍ ബ്രാന്‍ഡി എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഈ കേസിന്റെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. ഗോവയിലെ ഡിസ്റ്റിലറി ലോബിയുടെ പണമാണ് ഇരിങ്ങാലക്കുട പദ്ധതിക്ക് പിന്നിലെന്നാണു സൂചന. വിവാദങ്ങളെ തുടര്‍ന്ന് ശ്രീചക്രയ്ക്കു ലഭിച്ച അനുമതി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

Top