ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൂന്നിടത്ത് 50000 വോട്ടുകള്‍ വീതം വര്‍ധിച്ചാല്‍ ബി.ജെ.പി ജയിക്കുമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നാല്‍ അദ്ദേഹത്തെ മത്സരിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള.

ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരാന്‍ ആവശ്യപ്പെടില്ല. അദ്ദേഹം വ്യക്തിപരമായി തീരുമാനമെടുത്താല്‍ അതിനെ സ്വാഗതം ചെയ്യുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഒരു ഗവര്‍ണറെ സംബന്ധിച്ച് നമ്മുടെ രാജ്യത്തെ ഭരണഘടനയും നമ്മുടെ കീഴ് വഴക്കവും സങ്കല്‍പ്പവുമനുസരിച്ച് അദ്ദേഹം രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് വരുന്ന സാഹചര്യം ഉണ്ടാവാറില്ല. തിരിച്ച് രാഷ്ട്രീയത്തിലേക്ക് വന്നാല്‍ അദ്ദേഹത്തെ ഇരുകൈയും നീക്കി സ്വീകരിക്കും. മുഴുവന്‍ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ബഹുമാനവും സ്‌നേഹവുമുള്ള ആളാണ് കുമ്മനം രാജശേഖരനെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടേയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും മനസ് ബി.ജെ.പിക്കൊപ്പമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൂന്നിടത്ത് 50000 വോട്ടുകള്‍ വീതം വര്‍ധിച്ചാല്‍ ബി.ജെ.പി ജയിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞു. ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളഇല്‍ അന്‍പതിനായിരം വോട്ടുകള്‍ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.