വിവാഹത്തിന് മുന്‍പ് തനിക്ക് പപ്പയെ കാണണം, ആഗ്രഹിച്ചത് പോലെ നല്ലൊരു കുടുംബത്തിലേക്കാണ് പോവുന്നതെന്ന് പപ്പയെ അറിയിക്കണം;ശ്രീലക്ഷ്മി

അഭിനേത്രിയും അവതാരകയുമായി സജീവമായിരുന്നു ശ്രീലക്ഷ്മി ശ്രീകുമാര്‍. ബിഗ് ബോസില്‍ നിന്നും പുറത്തായതിന് പിന്നാലെയായി വിദേശത്തേക്ക് പോവുകയായിരുന്നു ശ്രീലക്ഷ്മി. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കുവെച്ച് താരം എത്തിയിരുന്നു. പ്രണയവിവാഹമാണ് തങ്ങളുടേതെന്നും താരപുത്രി പറഞ്ഞിരുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരപുത്രിയുടെ വെളിപ്പെടുത്തല്‍.

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് കൊച്ചിയിലെ വിവാഹത്തില്‍ പങ്കെടുക്കുന്നത്. ഇതിന് പിന്നാലെയായി തിരുവനന്തപുരത്ത് വെച്ച് വിരുന്ന് നടത്തുമെന്നും ശ്രീലക്ഷ്മി പറയുന്നു. തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇരുവീട്ടുകാരും വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കോളേജിലായിരുന്നു ശ്രീലക്ഷ്മി പഠിച്ചത്. ആ സമയത്താണ് സൗകര്യത്തിനായി കൊച്ചിയില്‍ വീടെടുത്ത് താമസിച്ചത്. അയല്‍വട്ടത്തായിരുന്നു ജിജിനും കുടുംബവും. അമ്മമാരാണ് ആദ്യം സുഹൃത്തുക്കളായി മാറിയത്. അമ്മയില്‍ നിന്നുമാണ് താന്‍ ആദ്യമായി ശ്രീലക്ഷ്മിയെക്കുറിച്ച് കേട്ടതെന്ന് ജിജിന്‍ പറയുന്നു. അതിന് ശേഷമാണ് പരിചയപ്പെട്ടത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.

Loading...

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതിനെക്കുറിച്ച് ശ്രീലക്ഷ്മി ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു. ജിജിന്‍ വിളിച്ച് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോഴേ ഇതായിരിക്കുമെന്ന് മനസ്സിലായിരുന്നു. ആദ്യമായി കേട്ടപ്പോള്‍ പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തിരുന്നില്ല. ഇതോടെ ജിജിന് കൂടുതല്‍ ടെന്‍ഷനാവുകയായിരുന്നു. ശ്രീയുമായുള്ള സൗഹൃദവും നഷ്ടമാവുമോയെന്ന ഭയമായിരുന്നു അലട്ടിയത്. പ്രണയത്തിലായി മാറിയതോടെ അത് രഹസ്യമായി സൂക്ഷിക്കുന്നത് വലിയ വെല്ലുവിളിയായി മാറുകയായിരുന്നു. 5 വര്‍ഷമാണ് പ്രണയം രഹസ്യമാക്കി കൊണ്ടുനടന്നത്.

പ്രണയത്തെക്കുറിച്ച് വീട്ടിലറിഞ്ഞപ്പോള്‍ എതിര്‍പ്പുകളുണ്ടായിരുന്നു. പിന്നീട് ഇതിനെ പിന്തുണയ്ക്കുകയായിരുന്നു അവര്‍. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം നടത്തുന്നത്. വിവാഹത്തിന് മുന്‍പ് തനിക്ക് പപ്പയെ കാണണം. ആഗ്രഹിച്ചത് പോലെ നല്ലൊരു കുടുംബത്തിലേക്കാണ് പോവുന്നതെന്ന് പപ്പയെ അറിയിക്കണമെന്നുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു.