ശ്രീനിവാസൻ വധക്കേസ്; രണ്ട് പേർ പിടിയിൽ

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ പിടിയിലായവരുടെ എണ്ണം വർദ്ധിക്കുന്നു. രണ്ട് പേർ കൂടിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഗൂഢാലോചനയിൽ പങ്കെടുത്ത, മുഖ്യ പ്രതികൾക്കാവശ്യമായ സഹായം നൽകിയ രണ്ട് പേരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കൊലയാളി സംഘത്തിലെ ഒരാളെ നേരത്തെ തന്നെ പിടികൂടിയിരുന്നു.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

ഇതിന് പിന്നാലെയാണ് രണ്ട് പേരെ കൂടി കുടുക്കാൻ പൊലീസിന് സാധിച്ചത്. പിടിയിലായ മൂന്നു പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇവർ എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ നാല് പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികളിലേക്കെത്തിയത്.

Loading...