കുമ്മനത്തിനായി കൂട്ടയോട്ടം നടത്തി ശ്രീശാന്ത്, വിജയം ഉറപ്പെന്ന് താരം

തിരുവനന്തപുരം: നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ വിജയം ഉറപ്പാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. കഴിഞ്ഞ തവണ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ശ്രീശാന്ത്. ഇത്തവണ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് പറയുന്നത്. കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തുകൊണ്ട് പൂജപ്പുരയില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.‘2016 ലെ സാഹചര്യമല്ല ഇന്ന്. ബി.ജെ.പിക്ക് അനുകൂലമായ നിരവധി കാര്യങ്ങള്‍ ഉണ്ട്. കഴിഞ്ഞ പ്രാവശ്യം ഒരു സീറ്റാണ് കിട്ടിയതെങ്കില്‍ ഇത്തവണ തീര്‍ച്ചയായും കൂടുതല്‍ സീറ്റ് കിട്ടും.

നേമത്ത് ബി.ജെ.പിക്ക് തുടര്‍ വിജയം ഉറപ്പാണ്. രണ്ടു വര്‍ഷത്തേക്ക് ഏതായാലും രാഷ്ട്രീയത്തിലേക്കില്ല. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ കിട്ടിയത് പാര്‍ട്ടി വോട്ടുകളാണ് വ്യക്തിപരമായ വോട്ടുകള്‍ കുറച്ചുവല്ലതും കാണും’.‘അന്ന് കിട്ടിയ വോട്ടുകള്‍ ഇത്തവണയും കിട്ടും. അവിടുത്തെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനുവേണ്ടിയും പ്രചാരണത്തിനിറങ്ങും’, ശ്രീശാന്ത് പറഞ്ഞു. പൂജപ്പുര സരസ്വതി മണ്ഡപത്തില്‍നിന്ന് തിരുമലയിലേക്കായിരുന്നു കൂട്ടയോട്ടം. ഫ്ളാഗ് ഓഫ് ചെയ്ത ശേഷം യുവാക്കള്‍ക്കൊപ്പം ശ്രീശാന്ത് ഓടുകയും ചെയ്തു.

Loading...