കൊച്ചി: തന്നെ വധിക്കാന്‍ ശ്രമം നടന്നെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഐപിഎല്ലിലെ ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയവേ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിപ്പിക്കാന്‍ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയില്‍വാസത്തെക്കുറിച്ച് മനസ്സ് തുറന്നത്.

”തിഹാറില്‍ എന്റെ ജീവനെടുക്കാന്‍ സദാസമയവും പിന്നിലാളുകളുണ്ടായിരുന്നു. അവരെന്നെ കൊല്ലുന്നതിനുമുമ്പ് ആത്മഹത്യചെയ്താലോ എന്നുപോലും ചിന്തിച്ചിരുന്നു. കൊലപാതകികള്‍, ബലാത്സംഗ കേസില്‍പെട്ടവര്‍ അങ്ങനെ വലിയൊരു സംഘം ക്രിമിനലുകള്‍ക്കൊപ്പമായിരുന്നു എന്നെ സെല്ലിലടച്ചത്. ചിലര്‍ ബ്ലേഡ് വെച്ച് മുറിപ്പെടുത്താന്‍ ശ്രമിച്ചു. ലോഹക്കഷ്ണം രാകിയുണ്ടാക്കിയ ആയുധംകൊണ്ട് ഒരുത്തനെന്നെ കുത്താന്‍ ശ്രമിച്ചു. ഒഴിഞ്ഞുമാറിയപ്പോള്‍ അയാള്‍ ബാലന്‍സ് തെറ്റിവീണതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു. അവരെ ആരെങ്കിലും നിയോഗിച്ചതാണോയെന്നൊന്നും എനിക്കറിയില്ല” ശ്രീശാന്ത് പറഞ്ഞു.

Loading...

”ഞാന്‍ മുംബൈയില്‍ വന്നത് രാജസ്ഥാന്‍ റോയല്‍സ് ബുക്ക് ചെയ്ത് തന്ന ടിക്കറ്റിലാണ്. എന്നാല്‍ മൂന്നു നാല് മത്സരങ്ങളില്‍ ടീം എനിക്ക് വിശ്രമം തന്നതിനാല്‍ താമസിക്കുന്ന ഹോട്ടലില്‍ അല്ല തങ്ങിയിരുന്നത്. രാജിവ് പിള്ളയ്ക്കുവേണ്ടി ഹിന്ദിസിനിമാ പ്രൊജക്റ്റിനെക്കുറിച്ച് സംസാരിക്കാന്‍ പോയി തിരിച്ചുവരുമ്പോള്‍ വണ്ടി തടഞ്ഞുവെച്ചായിരുന്നു അറസ്റ്റ്. തട്ടിക്കൊണ്ടുപോവുംപോലെയുള്ള അനുഭവം.’ ശ്രീശാന്ത് അഭിമുഖത്തില്‍ പറയുന്നു.

പോലീസ് എത്തിയപ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വാര്‍ത്തകള്‍ വന്നു. അതെല്ലാം പച്ചക്കള്ളമായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം കൊണ്ടു പോയത് മറൈന്‍ ഡ്രൈവിലേക്കാണ്. രാവിലെ ഏഴു മണിയാകുംവരെ അവിടെ ഒരു വണ്ടിയില്‍ ഇരുത്തി. എന്റെ മൊബൈല്‍ ഫോണുകള്‍ വാങ്ങിവെച്ചു. പിന്നെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി. ചുറ്റും കമാന്‍ഡോകളുമായി പതിനൊന്നു മണിവരെ എയര്‍പോര്‍ട്ടിലിരുത്തി. പിന്നെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്. അവിടെ വലിയൊരു സംഘം പോലീസ് എത്തിയിരുന്നു. കൊടും തീവ്രവാദികളെ കൊണ്ടുപോവും പോലെയാണ് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്. അവിടെ വെച്ച് തന്റെ മാലയും പേഴ്‌സും വാങ്ങിവെച്ചു. കൈയില്‍ കെട്ടിയിരുന്ന പൂജിച്ച ചരടുകള്‍ മുറിച്ചെടുത്തു. ദിവസങ്ങളോളം ചോദ്യംചെയ്തു. തനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങളേറെയും. അവര്‍ പറയുന്ന കാര്യങ്ങള്‍ തന്നെക്കൊണ്ട് സമ്മതിപ്പിക്കാനായിരുന്നു ശ്രമമെന്നും ശ്രീശാന്ത് പറഞ്ഞു.

കുറ്റപത്രത്തില്‍ ഒപ്പിടാന്‍ സമ്മതിച്ചില്ലെങ്കില്‍ അച്ഛനേയും അമ്മയേയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഒപ്പിട്ടു കൊടുത്തില്ലെങ്കില്‍ ജീവനോടെ താന്‍ പുറത്തുപോവില്ലെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് കുറ്റപത്രത്തില്‍ ഒപ്പിട്ടുനല്‍കിയത്. അതോടെ ഭീഷണി നിന്നെന്നും അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

ഐപിഎല്‍ ഒത്തുകളി കേസില്‍ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ഏപ്രിലില്‍ കേസ് പരിഗണിച്ച് ഡല്‍ഹി കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ പൊലീസ് ഹാജരാക്കിയ ഫോണ്‍ സംഭാഷണങ്ങളില്‍ പ്രതികള്‍ ഒത്തുകളിച്ചു എന്നത് സ്ഥാപിക്കാന്‍ ആവശ്യമായ എന്ത് തെളിവാണുള്ളതെന്നും കോടതി ചോദിച്ചു.

ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് നേരത്തെ കൈരള പീപ്പിള്‍ ചാനലിന്റെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ ശ്രീശാന്തിന്റെ സഹോദരി ഭര്‍ത്താവ് മധുബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. ശ്രീശാന്ത് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

സുഹൃത്തുകൂടിയായ സിനിമാതാരം രാജീവ് പിള്ളയ്ക്കുവേണ്ടി ഹിന്ദി സിനിമയുടെ സംവിധായകനെ കണ്ട് സംസാരിച്ചുവരുമ്പോള്‍ നടുറോഡില്‍ വെച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ അതേത്തുടര്‍ന്ന് പുറത്തുവന്ന വാര്‍ത്തകള്‍ മിക്കതും പച്ചക്കള്ളമായിരുന്നുവെന്നും ശ്രീശാന്ത് പറയുന്നു.

ശ്രീശാന്ത് ഉള്‍പ്പെടെ കേസില്‍ പ്രതികളായ ക്രിക്കറ്റ് താരങ്ങളായ അജിത് ചാന്ദില, അങ്കീത് ചവാന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് പ്രത്യേക സെല്‍ കോടതിയില്‍ 6000 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹീമിനും ഛോട്ടാ ഷക്കീലിനും കേസില്‍ പങ്കുണ്ടെന്നും കുറ്റപത്രം പറയുന്നു. കേസില്‍ ശ്രീശാന്തടക്കമുള്ളവര്‍ക്കെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമമായ മക്കോക്ക ചുമത്തിയിരുന്നെങ്കിലും മതിയായ തെളിവുകളില്ലാത്തതിനാല്‍ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.