ഒടുവില്‍ ശ്രീശാന്ത് തിരികെ വരുന്നു, ടി 20 ടൂര്‍ണമെന്റില്‍ കളിക്കും

തിരുവനന്തപുരം: ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം പേസര്‍ എസ് ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങി എത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അടുത്ത മാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ശ്രീശാന്ത് കളിക്കുക. ടൂര്‍ണമെന്റ് നടത്തുന്നതിന് കേരള സര്‍ക്കാരിന്റെ അനുമതി അനിവാര്യമാണെന്നും അനുമതി ലഭിച്ചാല്‍ ടൂര്‍ണമെന്റുമായി മുന്നോട്ടു പോകുമെന്നും കെ.സി.എ പ്രസിഡന്റ് സാജന്‍.കെ. വര്‍ഗീസ് പറഞ്ഞു. ശ്രീശാന്ത് ടൂര്‍ണമെന്റില്‍ കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കളിക്കാരെ ബയോ ബബിളില്‍ പ്രവേശിപ്പിക്കും. ആലപ്പുഴയിലെ ഹോട്ടലിലാണ് കളിക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുക. ഡിസംബര്‍ ആദ്യവാരമാണ് ടൂര്‍ണമെന്റ്.ശ്രീശാന്ത് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം 2007 ടി 20 ലോകകപ്പ് കിരീടം നേടിയിരുന്നു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു . ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ വാതുവെപ്പ് ആരോപണത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് 2013 ല്‍ ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തി.

Loading...