ഐഎഎസ് കല്യാണം; ശ്രീറാം വെങ്കിട്ടരാമനും രേണുരാജും വിവാഹിതരാകുന്നു

തിരുവനന്തപുരം: വീണ്ടുമൊരു ഐഎഎസ് വിവാഹത്തിന് സാക്ഷിയാകാൻ പോകുകയാണ് കേരളം. ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ കളക്ടർ രേണുരാജും തമ്മിലുള്ള വിവാഹമാണ് നടക്കാനിരിക്കുന്നത്. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമൻ. വിവാഹം കഴിക്കാനുള്ള തീരുമാനം ഇവർ ഐഎഎസ് സുഹൃത്തുക്കളെ വാട്സ് ആപ്പ് വഴി അറിയിച്ചിരിക്കുകയാണ്. എറണാകുളത്ത് വച്ച് ഈ ആഴ്ചയാണ് വിവാഹം നടക്കുകയെന്നാണ് ശ്രീറാം വെങ്കിട്ടരാമനും രേണുരാജും സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നത്. ദേവികുളം സബ് കളക്ടറായിരുന്നപ്പോൾ കൈയേറ്റം ഒഴിപ്പിക്കലൂടെ ശ്രദ്ധനേടിയ ഐഎഎസുകാരനാണ് ശ്രീറാം വെങ്കിട്ടരാമൻ. പിന്നീട് ഇതേ പദവിയിൽ എത്തിയ രേണുരാജും കൈയ്യേറ്റക്കാർക്ക് എതിരെ കർശന നിലപാട് സ്വീകരിച്ചിരുന്നു. രണ്ടുപേരും ഡോക്ടർമാരാണെന്ന സമാനതയുമുണ്ട്.

കൈയേറ്റക്കാർക്കെതിരെ നടപടികളിലൂടെ വാ‍ർത്തകളിൽ താരമായി മാറിയ ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വണ്ടിയിടിച്ചുകൊലപ്പെടുത്തിയ കേസോടെ കരിയറിൽ നിറം മങ്ങിയ നിലയിലായി. വാഹന അപകടക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതോടെ ശ്രീറാം സസ്പെൻഷനിലായി. ദീർഘനാളത്തെ സസ്പെൻഷന് ശേഷം സർവ്വീസിൽ തിരികെയെത്തിയ ശ്രീറാം വെങ്കട്ടരാമൻ നിലവിൽ ആരോഗ്യവകുപ്പിലാണ്. ആലപ്പുഴ ജില്ലാ കളക്ടറായ രേണുരാജ് ചങ്ങനാശേരി സ്വദേശിയാണ്. രണ്ടാം റാങ്കോടെയാണ് സിവിൽ സർവ്വീസ് വിജിയിച്ചത്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തെ വേർപിരിഞ്ഞിരുന്നു. ശ്രീറാമിൻെറ ആദ്യവിവാഹമാണിത്. അടുത്ത സുഹൃത്തുക്കളെ വിവാഹ വാർത്ത അറിയിച്ചെങ്കിലും ചടങ്ങിലേക്ക് ആർക്കും ക്ഷണമില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹം. സഹപ്രവർത്തകർക്കായി വിവാഹ സൽക്കാരം പിന്നീട് നടത്തുമെന്നാണ് അറിയുന്നത്.

Loading...