ചരിത്രമായി എസ്എസ്എല്‍സി പരീക്ഷ; ബാക്കിയുണ്ടായിരുന്ന മൂന്ന് പരീക്ഷകളും പൂര്‍ത്തിയായി

തിരുവനന്തപുരം:സംസ്ഥാനത്ത് പുനരാരംഭിച്ച എസ്എസ്എല്‍സി പരീക്ഷകള്‍ പൂര്‍ത്തിയായി. മാറ്റിവച്ച 3 പരീക്ഷകളില്‍ അവസനത്തേതാണ് ഇന്ന് നടന്നത്. സംസ്ഥാനത്താകെ 4,22,077 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 30 ന് പൂര്‍ത്തിയാകും.കോവിഡിനോടനുബന്ധിച്ചുള്ള ലോക്ഡൗണ്‍ കാരണമായിരുന്നു ഇടയ്ക്കുവെച്ച് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിപ്പിക്കേണ്ടി വന്നത്. തുടര്‍ന്ന്, ഈ പരീക്ഷകളുടെ നടത്തിപ്പ് തന്നെ അനിശ്ചിതത്വത്തിലായി.

ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഒരുക്കിയ വിപുലമായ കമീകരണങ്ങള്‍ക്കൊടുവിലാണ് പരീക്ഷ നടത്തിപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലുമായി 4,22,077 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കേരളത്തിലാകെ 2,945 പരീക്ഷ കേന്ദ്രങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയത്.രോഗവ്യാപന സാധ്യത കുറയ്ക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് പരീക്ഷ നടന്നുവന്ന 3 ദിവസങ്ങളിലും സ്‌കൂളുകളില്‍ ഒരുക്കിയിരുന്നത്. അധ്യാപകര്‍ക്കും പരീ്ക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനവും വിദ്യാഭ്യാസവകുപ്പ് നല്‍കിയിരുന്നു.

Loading...

ഇതര പരീക്ഷകളില്‍ നിന്ന് വ്യത്യസ്തമായി പരീക്ഷ കേന്ദ്രങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ തയ്യാറാക്കിയ പ്രത്യേക വാര്‍ റൂമിന്റെ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായി. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ തെര്‍മല്‍സ്‌കാനര്‍, മാസ്‌ക സംവിധാനം എന്നിവ സജ്ജമാക്കി യുദ്ധകാലടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും രോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച മാതൃക സൃഷ്ടിച്ചു. അതേസമയം പുനരാരംഭിച്ച 3 പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ഇത്തവണ ജില്ലകളില്‍ തന്നെയുള്ള തെരഞ്ഞെടുക്കപ്പെട്ട മൂല്യ നിര്‍ണയ ക്യാമ്പുകളിലേക്ക് മാറ്റും. 7 ദിവസത്തിന് ശേഷമാകും ഇവയുടെ മൂല്യനിര്‍ണയം ആരംഭിക്കുക. ജൂണ്‍ മാസം അവസാനത്തോടെ ഫലപ്രഖ്യാപനവും ഉണ്ടാകും.