സ്വാമിയച്ചന്‌ ന്യൂജഴ്സി സെന്റ്‌ തോമസ്‌ സിറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ ഊഷ്‌മള സ്വീകരണം

പി. പി. ചെറിയാന്‍

ന്യൂജഴ്സി: കാവി മുണ്ടും കാവി ഷാളും ധരിച്ച്‌ നഗ്നപാദനായി അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തി ചേര്‍ന്ന കര്‍മ്മലീത്താ വൈദീകന്‍ സ്വാമി സദാനന്ദക്ക്‌ ന്യൂജഴ്സി സെന്റ്‌ തോമസ്‌ സിറോ മലബാര്‍ കാത്തലിക്‌ ഫൊറെയ്‌ന്‍ ചര്‍ച്ചില്‍ വികാരിയും ഇടവക ചുമതലക്കാരും, വിശ്വാസികളും ചേര്‍ന്ന്‌ ഊഷ്‌മള വരവേല്‍പ്പ്‌ നല്‍കി. ‘ഹാര്‍ട്ട്‌ ഓഫ്‌ മര്‍ഡര്‍ എന്ന ഡോക്യുമെന്ററിയുടെ അമേരിക്കയിലെ ആദ്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിന്‌ റയ്‌ലൊ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്റഗ്രല്‍ ഡവലപ്പ്‌മെന്റ്‌ എന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികളുടെ ക്ഷണമനുസരിച്ച്‌ ഒരു മാസത്തെ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്വാമി സദാനന്ദ.

Loading...

ഏപ്രില്‍ 19 ശനിയാഴ്‌ച രാവിലെ സെന്റ്‌ തോമസ്‌ ചര്‍ച്ചില്‍ എത്തി ചേര്‍ന്ന സ്വാമിയച്ചനെ വികാരി ഫാ. തോമസ്‌ കടുക്കപ്പിളളില്‍ ട്രസ്‌റ്റിമാരായ തോമസ്‌ ചെറിയാന്‍ പടവില്‍, ടോം പെരുംപയ്യില്‍ മേരിദാസന്‍ തോമസ്‌, മിനേഷ്‌ ജോസഫ്‌, ഇടവക ജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.

സാധാരണ വൈദീകരില്‍ നിന്നും വ്യത്യസ്‌തനായി നീട്ടി വളര്‍ത്തിയ തലമുടിയും നരച്ചു വെളുത്ത താടിയും കാവിമുണ്ടും ഷാളും ധരിച്ച്‌ തികച്ചും സന്യാസ ജീവിതം നയിക്കുന്ന സപ്‌തതി ആഘോഷിച്ച വൈദീകനെ ഒരു നോക്കു കാണുന്നതിനും, കരസ്‌പര്‍ശം ലഭിക്കുന്നതിനുമായി എത്തി ചേര്‍ന്നവര്‍ക്ക്‌, അച്ചന്‍െറ അധരങ്ങളിലൂടെ ഒഴുകിയെത്തിയ സ്‌നേഹ വചസുകള്‍ ശരീരത്തിനും മനസ്സിനും കുളിര്‍മ പകര്‍ന്നു.

മദ്ധ്യപ്രദേശില്‍ നരസിംഗപൂര്‍ എന്ന ഗ്രാമത്തില്‍ മൂന്ന്‌ ഹെക്‌ടര്‍ ഭൂമിയില്‍ പതിമൂന്ന്‌ ചെറിയ കുടിലുകളുളള ആശ്രമത്തില്‍ താമസിച്ചു കൊണ്ട്‌ ക്രിസ്‌തു ദേവന്‍െറ സാരോപദേശങ്ങള്‍ മര്‍ദ്ദിതരും നിരാംലബരുമായ ഗ്രാമീണ ജനതയില്‍ എത്തിക്കുന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിവരികയാണ്‌ ഫാ. മൈക്കിള്‍ പുറാട്ടുകര എന്ന പേരില്‍ തൃശൂര്‍ ജില്ലിയില്‍ അറിയപ്പെട്ടിരുന്ന പിന്നീട്‌ സ്വാമി സദാനന്ദ എന്ന പേര്‍ സ്വീകരിച്ച സ്വാമിയച്ചന്‍.

ചടങ്ങില്‍ സജി സെബാസ്‌റ്റ്യന്‍ സ്വാഗതം ആശംസിച്ചു. സ്വാമിയച്ചന്‍െറ സന്തത സഹചാരിയും സിഎംഐ ഫാദറുമായ പീറ്റര്‍ അക്കനത്ത്‌ പൂര്‍വ്വകാല സ്‌മരണകള്‍ പുതുക്കി അച്ചനെ സദസ്സിന്‌ പരിചയപ്പെടുത്തി. കഠിനമായ തീച്ചുളയുടെ അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്നപ്പോള്‍ വലംങ്കരം പിടിച്ചു ധീരതയോടെ മുന്നേറുവാന്‍ കരുത്തു നല്‍കിയത്‌ ഈശോ സാമീപ്യമായിരുന്നു. അച്ചന്‍ അനുഭവങ്ങള്‍ വിശദീകരിച്ചു തുടര്‍ന്ന്‌ കാറ്റിസം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകം ക്ലാസെടുത്തു. അധ്യാപകന്‍ ജോര്‍ജ്‌ ചെറിയാന്‍ നന്ദി പറഞ്ഞു.

st thomas1 st thomas3 st thomas6 stthomas2 stthomas4 stthomas7