പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് നടി ഷംന കാസിം

മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന സവരക്കത്തി സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ് നടി ഷംന കാസിം. തനിക്ക് അവസരം നല്‍കിയ മിഷ്‌കിന് നന്ദി പറഞ്ഞുകൊണ്ടാണ് ഷംന കാസിം സംസാരിച്ചു തുടങ്ങിയത്. ‘ഞാനൊരു നര്‍ത്തകിയാണ്. കേരളത്തില്‍ ജനിച്ച് വളര്‍ന്ന പെണ്‍കുട്ടി. സിനിമയില്‍ വരണം അഭിനയിക്കണം എന്നൊന്നുമുള്ള ചിന്തയേ ഉണ്ടായിരുന്നില്ല. പക്ഷെ സിനിമയില്‍ എത്തി. എന്നാല്‍ പടം ഹിറ്റായാല്‍ മാത്രമേ നായികമാര്‍ക്ക് മുന്നേറാന്‍ കഴിയൂയെന്ന് മനസിലായി. കഴിവ് മാത്രം പോര. അതിന് ശേഷവും സിനിമകള്‍ ചെയ്തു. പക്ഷെ ഭാഗ്യമില്ലാതെ പോയി.’ അതോടെ സിനിമ വേണ്ട എന്ന തീരുമാനമെടുത്തെന്നും ഷംന പറയുന്നു. അങ്ങനെ ഡാന്‍സിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ച സമയത്താണ് തെലുങ്കില്‍ ഒരു സിനിമ ഹിറ്റായത്. പിന്നീട് തമിഴില്‍ നല്ല സിനിമകള്‍ക്കായി അവസരം കാത്തിരിക്കുകയായിരുന്നു. കഴിവുള്ള നടി എന്ന് അറിയപ്പെടാനാണ് തനിക്കാഗ്രഹമെന്നും ഷംന പറയുന്നു.

താനൊരു നടിയാകണം എന്നാഗ്രഹിച്ചത് അമ്മയാണെന്നും ഷംന പറയുന്നു. സവരക്കത്തിയുടെ ടീസര്‍ കാണുമ്പോള്‍ അമ്മ കരയുന്നുണ്ടായിരുന്നു. ഒരു മുസ്ലീം പെണ്‍കുട്ടിയായ തനിക്ക് ഇത്രയും പിന്തുണ നല്‍കി മുന്നോട്ട് കൊണ്ടുവന്നതിന് അമ്മയ്ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ട് ഷംന കരയുകയായിരുന്നു.

Loading...