മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം; സംഘർഷം

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിക്കുന്നത്. യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തി. കോഴിക്കോട് രണ്ട് പൊലീസുകാർക്കും തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരിക്കേറ്റു. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണു. സെക്രട്ടേറിയറ്റിൽ പ്രതിഷേധം പരിധി കടന്നതോടെ പൊലീസ് ലാത്തി വീശി. പലയിടത്തും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.