കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി, ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ ബോംബുകൾ ഉ​ഗ്രശേഷിയുള്ളവ

കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉ​ഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു. കൂത്തുപ്പറമ്പ് പോലീസ് നടത്തിയ പരിശോധനയിൽ വഴിയരികിലെ പറമ്പിൽനിന്നാണ് രണ്ടു ബോംബുകൾ കണ്ടെടുത്തത്. കിണറ്റിന്റവിട ആമ്പിലാട് റോഡിന് സമീപമാണ് സംഭവം.

തലശ്ശേരി എരഞ്ഞോളിയിൽ കഴിഞ്ഞദിവസം ബോംബ് പൊട്ടി വേലായുധൻ (80) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു

Loading...

ഇതുനുപിന്നാലെ ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. കൂത്തുപ്പറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും തിരച്ചിൽ. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുൾപ്പെടെ അഞ്ച് ബോംബ് സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതിനിടെയാണ് ഇപ്പോൾ ബോംബ് കണ്ടെത്തിയിരിക്കുന്നത്.