തിരുവനന്തപുരം. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. ആലപ്പുഴയിലും കോഴിക്കോട്ടുമാണ് റോഡില്‍ ഇറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കല്ലേറിഞ്ഞത്. ആലപ്പുഴയില്‍ സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിനു നേരെയും രണ്ട് ലോറികള്‍ക്ക് നേരെയും കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. കോഴിക്കോട്ടും രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി.
തിരുവനന്തപുരം കാട്ടാക്കടയില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ക്രമസമാധാനം ഉറപ്പാക്കുവാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്കി. സമരക്കാര്‍ പൊതുസ്ഥലത്ത് കൂട്ടം കൂടരുതെന്നും. കടകള്‍ അടപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുവാനും അറസ്റ്റ് ചെയ്യുവാനുമാണ് നിര്‍ദേശം.
ഇന്ന് നടത്താന്‍ നിശ്ചയിച്ച പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. അതേസമയം കേരള സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.
അതേസമയം 150ലധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും.