ബുദ്ധി ഉദിച്ചു – കഥ- കെ.എം.രാധ

മിത്ര,തികഞ്ഞ അസ്വസ്ഥതയോടെ,ബസ്സുകൾ വരുന്നതും പോകുന്നതും കണ്ടു കൊണ്ട്,പോകേണ്ട ശകടം മണിക്കൂർ ഒന്നു കഴിഞ്ഞിട്ടും വന്നില്ലല്ലോ എന്ന് വിചാരിച്ച്, കാത്തിരിപ്പ് ഷെഡിലെ വട്ട സ്റ്റീൽ കസേരയിൽ ഇരുന്നു.
തൊട്ടരികിലായി,
ഇരിയ്‌ക്കുന്ന സുന്ദരൻ ചെറുപ്പക്കാരൻ ,അവളെ നോക്കി ചിരിച്ചു.,
ഒട്ടും പരിചയമില്ലാത്ത ഇവനെന്തിനാണ് ഇളിക്കുന്നത്,
ഇങ്ങനെ കുറെയെണ്ണത്തെ റെയിവേ സ്റ്റേഷനിൽ,പൊതു നിരത്തിൽ,സിനിമാ തിയേറ്ററിൽ… എങ്ങും കാണാം.
പട്ടണത്തില്‍ ഒരു പ്രശസ്ത പരസ്യസ്ഥാപനത്തില്‍ ബിസിനസ്സ് എക്സിക്യൂട്ടീവായി ജോലി ലഭിച്ചിട്ട്,വെറും രണ്ട് മാസമായി.
സര്‍വകലാശാലയില്‍ ചെന്ന്‍ എം ബി എ സര്‍ട്ടിഫിക്കറ്റ് വാങ്ങി നാളെ എത്തിക്കണമെന്ന് എം.ഡി.നേരിട്ട് ,അവളെ വിളിച്ച് പറഞ്ഞു.
കമ്പനി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടുത്തു തന്നെ ഓഫീസ് സന്ദര്‍ശിക്കുന്നുണ്ടത്രേ.
ഇന്നിനി പോയി മടങ്ങുമ്പോഴേക്കും,സമയം വൈകിയിരിക്കും.
സ്വല്പ നേരം കഴിഞ്ഞപ്പോൾ, അവൻ കറുത്ത കൂളിംഗ് ഗ്ളാസ്സിട്ട്, പതുക്കെ ചൂളം വിളിച്ചുകൊണ്ട്,
‘ഹോ..എന്തെന്തു ഭംഗിയൊന്നു തൊടാൻ,തടവാന്‍ ചുംബിക്കാനെന്തു മോഹ’മെന്ന് ഈണത്തിൽ ചൊല്ലി.
കൊള്ളാം.. ഇവന് തല്ലിന്റെ കുറവുണ്ട്.
നട്ടുച്ച വെയിൽ ആഞ്ഞടിക്കും താപത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഇവിടെ ഇരുന്നത്.
എന്തൊരു ശല്യം!
മിത്ര എഴുനേറ്റു അപ്പുറത്തേക്ക് മാറി നിന്നു.
അപ്പോൾ, യുവാവ് പോക്കറ്റിൽ നിന്ന് 2000 രൂപയുടെ 5 കറൻസി എടുത്ത് അവളുടെ നേർക്ക് നീട്ടി പതുക്കെ പറഞ്ഞു.
പോരെങ്കിൽ, ഇനീം തരാം. പൊന്നേ.. ഒന്നു വന്നേ..’
ഛീ… എന്തെടാ…
മിത്രയുടെ ഉച്ചത്തിലുള്ള ബഹളം കേട്ട് യാത്രക്കാരിൽ ചിലർ ഒത്തു കൂടി.
കാര്യം അന്വേഷിച്ചു.
ഒടുവിൽ, അവനെ പിടിച്ച് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
ഒപ്പം വന്ന രണ്ടു ദൂരസ്ഥലയാത്രക്കാരോട് നന്ദി പറഞ്ഞ് ,മിത്ര തന്നെ അവരെ തിരിച്ചയച്ചു.
സബിൻസ്പെക്ടർ ,ചുള്ളൻ അപരിചിതനെ കണ്ടതും, സാർ വിളിയോടെ മുൻപിലുള്ള കസേരയിൽ ഇരിയ്ക്കാൻ താഴ്മയോടെ അപേക്ഷിച്ചു.


അവര്‍ തമ്മിലുള്ള വര്‍ത്തമാനത്തില്‍, മനോഹരന്‍ സുഹൃത്തും,ജനപ്രതിനിധിയുമെന്ന് മനസ്സിലായി.
ഇരിപ്പിടത്തിൽ ഇരുന്ന യുവകോമളൻ, മിത്രയെ നോക്കി പുഞ്ചിരിച്ചു.
മറ്റ് രണ്ട് ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ അവളെ നോക്കി കളിയാക്കി..
അവള്‍ക്ക് തല ചുറ്റുന്നതായി തോന്നി.വെള്ളം,കുടിക്കാനും.
ഒട്ടും മനുഷ്യത്വം ഇല്ലാത്ത കാക്കിയണിഞ്ഞ വ്യക്തിയോട് ,വെറുപ്പ്‌ തോന്നി.
സബിൻസ്പെക്ടര്‍,പ്രശ്നമെന്തെന്ന്‍ ചോദിച്ചു.
മിത്ര നിന്ന നില്‍പ്പില്‍ മൊഴി നല്‍കി ,നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് പറഞ്ഞ്,അവളെ പോകാന്‍ അനുവദിച്ചു.
മിത്ര പുറത്തിറങ്ങി ,ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും,പരാതി പൂഴ് ത്തുമെന്നും,ഒന്നും സംഭവിച്ചില്ലെന്നും അവള്‍ പലവട്ടം മനസ്സില്‍ പറഞ്ഞുറപ്പിച്ചു.
അടുത്തുള്ള കൂള്‍ബാറില്‍ ചെന്ന് , ചോക്ലേറ്റ് ഐസ്ക്രീം കഴിച്ചു,പുറത്തിറങ്ങി.
ദേ, കാത്തിരുന്ന സുന്ദര കാമദേവന്‍ എതിരെ വരുന്നു.
‘ഹലോ,നവീന്‍..’മിത്ര വിളിച്ചു.
അയാള്‍ സംശയത്തോടെ അവളെ നോക്കി.
‘സാരമില്ല.മറന്നേക്കു.സോറി.കുറ്റക്കാരി ഞാന്‍ തന്നെയാണ്. നവീന്‍, എന്നെ ഒന്ന് സ്പര്‍ശിച്ചതു പോലുമില്ല.പുറത്തിറങ്ങിയാല്‍,എന്തിന് വീടിനകത്തു പോലും പെണ്ണുങ്ങള്‍
എന്തെല്ലാം തരം പീഡനങ്ങള്‍ അനുഭവിക്കുന്നു. . അവിടെ വെച്ച് തന്നെ പരസ്പരം ഒരു സോറി യിലൂടെ കാര്യം തീര്‍ത്താല്‍ മതിയായിരുന്നു.ബുദ്ധി ഉദിച്ചത് ഇപ്പോഴാണ്.ക്ഷമിക്കൂ..’എന്ന വാക്കിന് ഒടുവില്‍
അവളുടെ കൈ ,അവന്‍റെ മുഖത്ത് ആഞ്ഞാഞ്ഞു പതിച്ചു.
മിത്ര,.സ്വരം താഴ്ത്തി.
ഞാന്‍,ഓടിപ്പോകില്ല.ചുറ്റും,ആരുമില്ലല്ലോ.ഇത്,
നമ്മള്‍ രണ്ടാളും മാത്രം അറിഞ്ഞാല്‍ മതി.’
അടി കിട്ടിയ കവിള്‍ത്തടം ചുവന്നു തുടുത്തതും,അവന്‍ പോക്കറ്റില്‍ നിന്ന് ടവ്വലെടുത്ത് മുഖം തുടയ്ക്കുന്നതും,മിത്ര തിരിഞ്ഞു നടന്നതും ഒരേ നിമിഷത്തില്‍!

Loading...