ചാലക്കുടി പുഴയിലെ ശക്തമായ ഒഴുക്ക് ഗൗരവമായി കാണുന്നു; തീരത്തുള്ളവര്‍ അടിയന്തരമായി മാറണം- മന്ത്രി കെ രാജന്‍

തൃശൂര്‍. ചാലക്കുടി പുഴയിലെ ഒഴുക്ക് ശക്തമാണെന്നും തീരത്ത് താമസിക്കുന്നവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്നും റവന്യൂ മന്ത്രി കെ രാജന്‍. പെരിങ്ങല്‍ക്കുത്ത്, പറമ്പിക്കുളം ഡാമില്‍ നിന്ന് ശക്തമായ ഒഴുക്ക് ഉള്ളതിനലാണ് സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശം.

പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. 17480 ക്യുസെക്‌സ് വെള്ളമാണ് ചാലക്കുടിപ്പുഴയിലേക്ക് എത്തുന്നത്. പുഴയുടെ തീരത്ത് കാഴ്ച കാണുവാന്‍ നിരവധി പേരാണ് എത്തുന്നത് ഇത് പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ശക്തമായ ഒഴുക്കായതിനാല്‍ പുഴയുടെ തീരത്തുള്ള എല്ലാവരെയും മാറ്റിപ്പാര്‍പ്പിക്കും.

Loading...

ഒഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആരും പുഴയുടെ തീരത്ത് നില്‍ക്കുകയോ, പുഴയിലിറങ്ങുക, നീന്തിക്കടക്കുക, പാലങ്ങളില്‍ നില്‍ക്കുക, മൂന്‍പിടിക്കുക എന്നി പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് മുന്നറിയിപ്പുണ്ട്. ഒരു സ്ഥലത്ത് തന്നെ തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രതിഭാസമാണ് ഇപ്പോള്‍ ഉള്ളത്. ഉയര്‍ന്ന സ്ഥലങ്ങളിലെ മണ്ണ് കുതിര്‍ന്ന് ഇരിക്കുന്നതിനാല്‍ ആരും മലമ്പ്രദേശത്തേക്ക് യാത്രകള്‍ ചെയ്യരുതെന്നും മന്ത്രി പറയുന്നു.

ഓഗസ്റ്റ് നാല് വരെ മത്സ്യബന്ധനം നടത്തുവാന്‍ പാടില്ല. എന്നാല്‍ വിലക്ക് ലംഘിച്ച് ചിലര്‍ മത്സ്യബന്ധനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനുവതിക്കുവാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.