ഉപദേശിക്കുന്ന അധ്യാപകരെ തല്ലുന്ന വിദ്യാര്‍ത്ഥികള്‍ , സ്‌കൂള്‍ യൂണിഫോം ധരിക്കാതെ വന്നു; ചോദ്യം ചെയ്ത അധ്യാപകന് വിദ്യാര്‍ഥിയുടെ മര്‍ദനം

കുമളി: യൂണിഫോം ധരിക്കാതെ ക്ലാസിലെത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അധ്യാപകനെ വിദ്യാര്‍ഥി മര്‍ദിച്ചതായി പരാതി. ചെവിക്ക് പരിക്കേറ്റ അധ്യാപകനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കുമളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ എസ്.ജയദേവിനാണ് മര്‍ദനമേറ്റത്. ഹാള്‍ ടിക്കറ്റ് വാങ്ങുവാനാണ് വിദ്യാര്‍ഥി എത്തിയത്. യൂണിഫോം ധരിക്കാതെ ക്ലാസില്‍ കയറിയത് എന്തിനാണെന്ന് ചോദ്യത്തോടെ അധ്യാപകനും വിദ്യാര്‍ഥിയും തമ്മില്‍ വാക്കുതര്‍ക്കമായി. ക്ലാസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു.

ക്ലാസിന് വെളിയിലേക്ക് വിദ്യാര്‍ഥിയെ ഇറക്കി വിടാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ വിദ്യാര്‍ഥി അധ്യാപകന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് അധ്യാപകന്‍ വീണു. കയ്യിലുണ്ടായിരുന്ന ഇരുമ്പ് വള ഉപയോഗിച്ച് വിദ്യാര്‍ഥി അധ്യാപകന്റെ വയറിന് ഇടിച്ചെന്നുമാണ് പരാതി.

Loading...

അധ്യാപകനെ മര്‍ദിച്ച വിദ്യാര്‍ഥി എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നാണ് അധ്യാപകര്‍ പറയുന്നത്. എന്നാല്‍ എസ്എഫ്‌ഐ ജില്ലാ നേതൃത്വം ഇത് നിഷേധിച്ചു. എന്നാല്‍, യൂണിഫോം ഇല്ലാതെ വന്നതിന് തന്നെ ചീത്തവിളിച്ചെന്നും, ഈ സ്‌കൂളില്‍ നീയിനി പഠിക്കില്ലെന്ന് പറഞ്ഞ് അധ്യാപകന്‍ വെല്ലുവിളിച്ചെന്നുമാണ് വിദ്യാര്‍ഥി പൊലീസിന് മൊഴി നല്‍കിയത്.