പെണ്‍കുട്ടിക്കൊപ്പം നടന്നു; കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ നടു റോഡിലിട്ട് മര്‍ദിച്ചു

കണ്ണൂര്‍: സഹപാഠിയായ പെണ്‍കുട്ടിക്ക് ഒപ്പം നടന്നതിന്റെ പേരില്‍ പാനൂരില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു. ഓട്ടോ ഡ്രൈവറാണ് വിദ്യാര്‍ത്ഥിയെ നടു റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചത്. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ വ്യക്തമാക്കുന്നു. മുത്താറപ്പീടിക ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ജിനീഷില്‍ നിന്നാണ് വിദ്യാര്‍ത്ഥിക്ക് ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടി വന്നത്.

ഇന്നലെ ഉച്ചയ്ക്ക് ആണ് സംഭവം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകും വഴിയാണ് വിദ്യാര്‍ത്ഥിയെ ജിനീഷ് തല്ലിയത്. ആരും ആദ്യം ഇത് തടയാന്‍ ശ്രമിച്ചില്ല. പിന്നീട് കുറച്ച് നേരത്തിന് ശേഷമാണ് ചിലര്‍ വന്ന് ജിനീഷിനെയും വിദ്യാര്‍ത്ഥിയെയും പിടിച്ച് മാറ്റിയത്. കൂടെ പഠിക്കുന്ന പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് മര്‍ദ്ദനമെന്നാണ് അടികിട്ടിയ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ വ്യക്തമാക്കുന്നത്.കൂട്ടുകാരിക്കൊപ്പം നടന്ന് വരുമ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ ജിനീഷ് തന്നെ അടിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോള്‍ ജിനീഷ് ആദ്യം കാരണം പറഞ്ഞില്ലെന്നും അടി കഴിഞ്ഞ ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും മര്‍ദ്ദനത്തിനിരയായ കുട്ടി പറയുന്നു.

Loading...

സംഭവത്തില്‍ പരാതി നല്‍കിയിട്ടും പാനൂര്‍ പൊലീസ് ഒത്ത് തീര്‍പ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. കേസ് വേണോ പറഞ്ഞു തീര്‍ത്താല്‍ പോരെയെന്ന് പൊലീസ് ചോദിച്ചതായി കുട്ടിയുടെ അച്ഛന്‍ പറയുകയാണ്. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് പൊലീസിന്റെ ഈ പ്രതികരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.