മലപ്പുറം: സെല്‍ഫി ഭ്രാന്ത് തലയ്ക്ക് പിടിച്ച വിദ്യാര്‍ത്ഥി സംഘം കാട്ടിലകപ്പെട്ടു. പെരിന്തല്‍മണ്ണയിലാണ് സംഭവം. പെരിന്തല്‍മണ്ണ കൊടികുത്തിമലയുടെ മുകളില്‍ കയറി സെല്‍ഫിയെടുക്കാനായി വൈകുന്നേരത്തോടെ കാടു കയറിയ സംഘത്തിന് ഇരുട്ടായതോടെ വഴി തെറ്റുകയായിരുന്നു. അര്‍ധരാത്രി വരെ കാട്ടിലലഞ്ഞിട്ടും രക്ഷാ മാര്‍ഗം കണ്ടെത്താനായില്ല. ഒടുവില്‍ രാത്രിയില്‍ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സംഘത്തെ കണ്ടെത്തി പുറത്തെത്തിച്ചത്.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് കാഞ്ഞിരംപാറ ഭാഗത്തുനിന്നുള്ള എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന 11 കുട്ടികള്‍ മല കയറിയത്. മണ്ണാര്‍മല വഴി കയറി കൊടികുത്തിമലയുടെ മുകളിലെത്തി സെല്‍ഫിയെടുക്കുകയായിരുന്നു. ഇരുട്ടു വ്യാപിച്ചു തുടങ്ങിയതോടെ മലയിറങ്ങാന്‍ വഴിയറിയാതെ കുഴങ്ങി. നടന്നു നടന്നെത്തിയത് മറ്റൊരു മലയിലെ കാട്ടില്‍. രക്ഷയില്ലാതെ രാത്രി പത്തോടെ വിദ്യാര്‍ത്ഥികള്‍ വിളിച്ചറിയിച്ചതനുസരിച്ച് വീട്ടുകാര്‍ മേലാറ്റൂര്‍ പോലീസില്‍ വിവരം നല്കി.
മേലാറ്റൂരില്നിന്നു നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഎസ്ഐ വിശ്വംഭരനും സംഘവും ഹൈവേ പോലീസും നാട്ടുകാരുടെ സഹായത്തോടെ പല വഴിക്കായി മല കയറി. ഇരുട്ടും കനത്ത മഴയും മല കയറാന്‍ ഏറെ പ്രയാസം സൃഷ്ടിച്ചു. താഴെക്കോട്, അമ്മിനിക്കാട് ഭാഗങ്ങളില്‍നിന്നുള്ള നാട്ടുകാരും തിരച്ചിലിനിറങ്ങി.
നില്ക്കുന്ന സ്ഥലമറിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചതോടെ മൊബൈല്‍ ഫ്ലാഷ് തുടരെ മിന്നിക്കാന്‍ പോലീസ് നിര്‍ദേശിച്ചു. ഒടുവില്‍ അമ്മിനിക്കാടന്‍ മലയുടെ മറ്റൊരു ഭാഗത്തുനിന്ന് മൊബൈല്‍ ഫ്ലാഷ് മിന്നുന്നത് തിരച്ചില്‍ സംഘം കണ്ടെത്തി. ഏറെ പണിപ്പെട്ട് ഇവിടെയെത്തിയാണ് അര്‍ധരാത്രിയോടെ വിദ്യാര്‍ത്ഥി സംഘത്തെ മലയിറക്കിയത്.